ആയിരം അറ്റാക്കുകൾ നടത്തിയാലും തടയുന്ന ഗോൾ കീപ്പർ വാച്ലികിനും ഇരട്ട ഗോളുമായി അത്ഭുതം കാണിച്ച പാട്രിക് ഷിക്കിനും മുന്നിൽ സ്കോട്ട്‌ലൻഡ് പരാജയപ്പെട്ടു. സ്കോട്ലൻഡിൽ നടന്ന ആവേശകരമായ മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ചെക് റിപബ്ലിക് വിജയിച്ചത്. മൈതാന മധ്യത്തിൽ നിന്ന് പാട്രിക്ക് ഷിക്ക് നേടിയ ഗോളിന്റെ പേരിലാകും ഈ മത്സരം എന്നും ഓർമ്മിക്കപ്പെടുക എന്ന കാര്യത്തിൽ ഒരു സംശയവും ആർക്കും വേണ്ട.
ഇന്ന് ഗ്ലാസ്കോയിൽ സ്വന്തം കാണികൾക്ക് മുന്നിൽ വിജയിക്കാമെന്ന പ്രതീക്ഷയിലാണ് സ്കോട്ലൻഡ് ഇറങ്ങിയത്. ക്യാപ്റ്റൻ റോബേർട്സണിൽ വിശ്വാസം അർപ്പിച്ച് ഇറങ്ങിയ സ്കോട്ലൻഡിന്റെ ആദ്യ പകുതിയിലെ അറ്റാക്കുകൾ കൂടുതൽ നയിച്ചതും വിങ്ബാക്ക് റോളിൽ ഇറങ്ങിയ റൊബേർട്സണായിരുന്നു. ചെക് റിപബ്ലിക്കും സ്കോട്ലൻഡും ഒപ്പത്തിനൊപ്പം എന്നത് പോലെയാണ് നീങ്ങിയത്. കളിയിലെ ആദ്യ മികച്ച അവസരം ലഭിച്ചത് ചെക് റിപബ്ലിക്കിനായിരുന്നു. കളിയുടെ 18ആം മിനുട്ടിൽ ബയെർ ലെവർകൂസൻ താരം ഷികിന്റെ ഇടം കാലൻ ഷോട്ട് സ്കോട്ടിഷ് ഗോൾ കീപ്പർ മാർഷാൽ രക്ഷിച്ചു.
മറുവശത്ത് സ്കോട്ലൻഡും ആക്രമണങ്ങൾ നടത്തി. 18ആം മിനുട്ടിൽ റൊബേർട്സൺ ഇടതു വിങ്ങിൽ നിന്ന് കൊടുത്ത ക്രോസ് ഡൈക്സ് കണക്ട് ചെയ്തു എങ്കിലും ഗോൾ മുഖത്ത് നിന്നകന്നു. പിന്നാലെ റൊബേർട്സന്റെ തന്നെ ഒരു ഗംഭീര ഷോട്ട് ഗോളെന്ന ഉറച്ചതായിരുന്നു. പക്ഷെ വാചിലികിന്റെ ലോകോത്തര സേവ് സ്കോട്ലൻഡിനെ പൂജ്യത്തിൽ നിർത്തി. 42ആം മിനുട്ടിലാണ് കളിയിലെ ആദ്യ ഗോൾ വന്നത്. സൗഫാൽ വലതു വിങ്ങിൽ നിന്ന് നൽകിയ ക്രോസ് ഉയർന്ന് തലവെച്ച് പാട്രിക് ഷിക് വലയിൽ എത്തിക്കുകയായിരുന്നു.
രണ്ടാം പകുതിയിൽ ചെക് റിപബ്ലിക്കാണ് ആക്രമിച്ചു തുടങ്ങിയത്. തുടക്കത്തിൽ തന്നെ രണ്ടു മികച്ച ഷോട്ടുകൾ സ്കോടിഷ് കീപ്പർ മാർഷൽ രക്ഷപ്പെടുത്തേണ്ടി വന്നു. പിന്നീട് ആക്രമണം ചെക് റിപബ്ലിക്കിന്റെ ഹാഫിലേക്ക് മാറി. 48ആം മിനുട്ടിൽ സ്കോടിഷ് താരം ആംസ്ട്രോങിന്റെ ഷോട്ട് ബാറിൽ തട്ടി മടങ്ങി. തൊട്ടടുത്ത മിനുട്ടിൽ സെൽഫ് ഗോളാകുമെന്ന് കരുതിയ ഒരു ബോൾ ആക്രൊബാറ്റിക് സേവിലൂടെ വാചിലിക് പുറത്തേക്ക് തട്ടിയിട്ടു.
ഇതിനു ശേഷമായിരുന്നു ഏതൊരു ഫുട്ബോൾ പ്രേമിയെയും എഴുന്നേറ്റു നിൽപ്പിച്ച അപൂർവ്വ നിമിഷം വന്നത്. 52ആം മിനുട്ടിൽ പാട്രിക്ക് ഷിക് മൈതാനത്തിന്റെ മധ്യനിരയിൽ നിന്ന് ഇടം കാലൻ ഷൂട്ട് മാർഷലിനെ കാഴ്ചക്കാരനാക്കി വലയിലേക്ക് പതിച്ചു. ഈ യൂറോ കപ്പിൽ ഇതിനേക്കാൾ മികച്ചിരു ഗോളോ നിമിഷമോ പിറക്കുമോ എന്നത് സംശയമാണ്. അത്രയ്ക്ക് മാന്ത്രികമായിരുന്നു ഷിക്കിന്റെ ആ ഇടം കാലൻ ഷോട്ട്.
രണ്ടു ഗോളിന് പിറകിൽ പോയ ശേഷം സ്കോട്ലൻഡ് പൂർണ്ണമായും അറ്റാക്കിലേക്ക് തിരിഞ്ഞു. അവർ നിരവധി അവസരങ്ങൾ സൃഷ്ടിച്ചു എങ്കിലും അവരുടെ ഗോൾ കീപ്പർ വാചിലികിന്റെ ലോകോത്തര പ്രകടനം സ്കോട്ലൻഡിനെ തടഞ്ഞു നിർത്തി. മറുവശത്ത് മാർഷലും മികച്ച ഗോൾ കീപ്പിങ് ആണ് നടത്തിയത്. ഈ വിജയം ചെക് റിപബ്ലികിന് വലിയ മത്സരങ്ങൾക്ക് മുമ്പ് വലിയ ആത്മവിശ്വാസം നൽകും.