കോപ അമേരിക്ക ടൂർണമെന്റിന്റെ രണ്ടാം ദിവസം ഇന്ന് രണ്ട് മത്സരങ്ങൾ നടക്കും. അർജന്റീനയുടെ ആദ്യ മത്സരം ഇന്നാണ്. സ്കലോണിയുടെ ടീമിന് ഇന്ന് ചിലിയാണ് എതിരാളികൾ. കഴിഞ്ഞ ആഴ്ച ഇരു ടീമുകളും ലോകകപ്പ് യോഗ്യത റൗണ്ടിൽ നേർക്കുനേർ വന്നപ്പോൾ മത്സരം സമനിലയിൽ ആയിരുന്നു അവസാനിച്ചിരുന്നത്. ഇരു ടീമുകളും രണ്ട് തുടർ സമനിലകളുമായാണ് കോപ അമേരിക്കയ്ക്ക് എത്തുന്നത്.
2019 മുതൽ പരാജയം അറിയാതെ മുന്നേറുന്ന അർജന്റീനയ്ക്ക് ഈ കോപ ടൂർണമെന്റ് വളരെയേറെ പ്രാധാന്യമുള്ളതാണ്. 1993ന് ശേഷം കോപ അമേരിക്ക കിരീടം നേടിയിട്ടില്ലാത്ത അർജന്റീനയ്ക്ക് ഒരു കിരീടം അത്യാവശ്യമാണ്. സൂപ്പർ സ്റ്റാർ ലയണൽ മെസ്സിക്കും രാജ്യത്തിനൊപ്പം ഒരു കിരീടം എന്ന സ്വപ്നം സാഫല്യമാകാൻ ഈ കോപ സഹായകമാകും എന്ന് ആരാധകർക്ക് പ്രതീക്ഷിക്കുന്നു. സ്കലോണിയുടെ കീഴിലെ അർജന്റീനയുടെ പുരോഗതി അളക്കുന്ന ടൂർണമെന്റ് കൂടെയാകും ഇത്.
മെസ്സിക്ക് ഒപ്പം അഗ്വേറോയും ലൗട്ടാരോ മാർട്ടിനസും ആകും അർജന്റീന അറ്റാക്കിന്റെ ചുക്കാൻ പിടിക്കുക. 2015-ലും 2016-ലും കോപ കിരീടം നേടിയ ചിലി മൂന്നാം കിരീടമാണ് ലക്ഷ്യമിടുന്നത്. പരിക്കേറ്റ അലക്സിസ് സാഞ്ചസ് ഇന്ന് ചിലിക്ക് ഒപ്പം ഉണ്ടാകില്ല. ഇന്ന് രാത്രി 2.30നാണ് അർജന്റീന ചിലി മത്സരം. പുലർച്ചെ 5.30ന് നടക്കുന്ന മത്സരത്തിൽ പരാഗ്വേയും ബൊളീവയും ആണ് നേർക്കുനേർ വരുന്നത്.