ടെന്നീസ് ചരിത്രത്തിലെ ഏറ്റവും അപൂർവ്വമായ റെക്കോർഡ് സ്വന്തം പേരിൽ കുറിച്ചു ലോക ഒന്നാം നമ്പർ താരം സെർബിയയുടെ നൊവാക് ജ്യോക്കോവിച്ച്. ഓപ്പൺ യുഗത്തിൽ 4 ഗ്രാന്റ് സ്ലാമുകളും രണ്ടു പ്രാവശ്യം നേടുന്ന ആദ്യ താരം ആയി മാറിയ ജ്യോക്കോവിച്ച് തന്റെ രണ്ടാം ഫ്രഞ്ച് ഓപ്പൺ കിരീടത്തിനു പുറമെ 19 മത്തെ ഗ്രാന്റ് സ്ലാം കിരീടനേട്ടം കൂടിയാണ് ഇന്ന് സ്വന്തമാക്കിയത്. സാക്ഷാൽ റോജർ ഫെഡററിനോ റാഫേൽ നദാലിനോ നേടാൻ ആവാത്ത റെക്കോർഡ് നേട്ടം കൈവരിക്കുന്നതിലൂടെ ടെന്നീസ് ചരിത്രത്തിലെ ഏറ്റവും മഹാനായ താരം എന്ന പദവിയിലേക്ക് കൂടിയാണ് നൊവാക് ജ്യോക്കോവിച്ച് നടന്നു കയറുന്നത്. സെമിഫൈനൽ ക്ലാസിക് മത്സരത്തിൽ കളിമണ്ണിലെ ദൈവം സാക്ഷാൽ റാഫ നദാലിനെ മറികടന്നു വന്ന ജ്യോക്കോവിച്ചിനു പക്ഷെ ഫൈനലിൽ കാര്യങ്ങൾ അത്ര എളുപ്പം ആയിരുന്നില്ല. അഞ്ചാം സീഡ് ആയ ടെന്നീസിലെ പുതു തലമുറ പ്രതീക്ഷ ആയ 22 കാരനായ ഗ്രീക്ക് താരം സ്റ്റെഫനോസ് സിറ്റിപാസ് മികച്ച പോരാട്ടം ആണ് ജ്യോക്കോവിച്ചിനു നൽകിയത്. ആദ്യ രണ്ടു സെറ്റുകൾ കൈവിട്ട ശേഷം അവിശ്വസനീയമായ വിധം ആണ് ജ്യോക്കോവിച്ച് മത്സരത്തിൽ തിരിച്ചു വന്നത്.
തന്റെ ആദ്യ ഗ്രാന്റ് സ്ലാം ഫൈനൽ കളിക്കുന്നതിന്റെ സമ്മർദ്ദം ആദ്യ സർവീസിൽ പ്രകടമാക്കിയ സിറ്റിപാസ് പക്ഷെ ബ്രൈക്ക് പോയിന്റുകൾ രക്ഷിച്ചു സർവീസ് നിലനിർത്തി. തുടർന്നു ഇരുതാരങ്ങളും സർവീസ് നിലനിർത്തിയെങ്കിലും ജ്യോക്കോവിച്ചിന്റെ സർവീസിൽ സെറ്റ് പോയിന്റ് സൃഷ്ടിച്ചു സിറ്റിപാസ്. എന്നാൽ ഇത് രക്ഷിച്ച ജ്യോക്കോവിച്ച് സിറ്റിപാസിന്റെ അടുത്ത സർവീസ് ബ്രൈക്ക് ചെയ്തു സെറ്റിനായി സർവീസ് ചെയ്യാൻ തുടങ്ങി.എന്നാൽ ഈ സർവീസ് തിരിച്ചു ബ്രൈക്ക് ചെയ്ത ഗ്രീക്ക് താരം സെറ്റ് ടൈബ്രേക്കറിലേക്ക് നീട്ടി. ടൈബ്രേക്കറിൽ മികച്ച തുടക്കം ലഭിച്ച സിറ്റിപാസ് 4-0 നു മുന്നിലെത്തി. എന്നാൽ തിരിച്ചടിച്ച ജ്യോക്കോവിച്ച് ടൈബ്രേക്കറിൽ സെറ്റ് പോയിന്റ് സൃഷ്ടിച്ചു. എന്നാൽ ഇത് രക്ഷിച്ച സിറ്റിപാസ് കടുത്ത സമ്മർദ്ദത്തിലും 72 മിനിറ്റ് നീണ്ട ആദ്യ സെറ്റ് സ്വന്തം പേരിൽ കുറിച്ചു. രണ്ടാം സെറ്റിൽ ഗ്രീക്ക് യുവതാരത്തിന്റെ സമ്പൂർണ ആധിപത്യം ആണ് കണ്ടത്.
രണ്ടാം സെറ്റിൽ ജ്യോക്കോവിച്ചിന്റെ ആദ്യ സർവീസ് തന്നെ ബ്രൈക്ക് ചെയ്ത സിറ്റിപാസ് ഒരിക്കൽ കൂടി സെറ്റിൽ ജ്യോക്കോവിച്ചിന്റെ സർവീസ് ബ്രൈക്ക് ചെയ്തു. ഡ്രോപ്പ് ഷോട്ടുകൾ കൂടുതൽ കളിച്ച ജ്യോക്കോവിച്ചിനു എതിരെ പൊരുതി നിൽക്കാൻ സിറ്റിപാസിന് ആയി. പ്രത്യേകിച്ച് ജ്യോക്കോവിച്ചിന്റെ രണ്ടാം സർവീസുകൾ സിറ്റിപാസ് കടന്നാക്രമിച്ചു. സെറ്റ് 6-2 നു നേടിയ ഗ്രീക്ക് താരം മത്സരം ഒരു സെറ്റ് മാത്രം അകലെയാക്കി. 35 മിനിറ്റുകൾ മാത്രം ആണ് രണ്ടാം സെറ്റ് നീണ്ടത്. മൂന്നാം സെറ്റിൽ തിരിച്ചു വരവിനു ഒരുങ്ങുന്ന ജ്യോക്കോവിച്ചിനെ ആണ് മത്സരത്തിൽ കണ്ടത്. നാലു തവണ ബ്രൈക്ക് പോയിന്റുകൾ രക്ഷിക്കാൻ ആയെങ്കിലും ഒടുവിൽ സെറ്റിൽ ബ്രൈക്ക് വഴങ്ങിയ സിറ്റിപാസിന് മേൽ ആധിപത്യം നേടാൻ ജ്യോക്കോവിച്ചിനു ആയി. തുടർന്ന് സർവീസ് നിലനിർത്തി സെറ്റ് 6-3 നു സ്വന്തമാക്കി ജ്യോക്കോവിച്ച് തിരിച്ചു വരവിനുള്ള സൂചനകൾ നൽകി.
മൂന്നാം സെറ്റിന് ശേഷം പുറം വേദനയെ തുടർന്ന് വൈദ്യസഹായം തേടുന്ന സിറ്റിപാസിനെയും കാണാൻ ആയി. നാലാം സെറ്റിൽ എല്ലാ നിലക്കും ആധിപത്യം നേടിയ ജ്യോക്കോവിച്ച് ആദ്യ സർവീസ് തന്നെ ബ്രൈക്ക് കണ്ടത്തി മത്സരത്തിൽ മുന്നിലെത്തി. തുടർന്ന് വീണ്ടും ബ്രൈക്ക് കണ്ടത്തിയ ജ്യോക്കോവിച്ച് സെറ്റിൽ വലിയ അവസരം ഒന്നും സിറ്റിപാസിന് നൽകിയില്ല. സെറ്റ് 6-2 നു നേടിയ ജ്യോക്കോവിച്ച് മത്സരം അഞ്ചാം സെറ്റിലേക്ക് നീട്ടി. അഞ്ചാം സെറ്റിൽ സിറ്റിപാസിന്റെ സർവീസിനെ സമ്മർദ്ദത്തിലാക്കി ജ്യോക്കോവിച്ച്. ഡ്രോപ്പ് ഷോട്ടുകളുമായി പെട്ടെന്ന് പോയിന്റുകൾ സ്വന്തം വരുതിയിൽ ആക്കാനും സെർബിയൻ താരത്തിന് ആയി. സെറ്റിൽ സിറ്റിപാസിന്റെ രണ്ടാം സർവീസ് ബ്രൈക്ക് ചെയ്ത ജ്യോക്കോവിച്ച് മത്സരം കയ്യെത്തും ദൂരത്താക്കി. സെറ്റിൽ തുടർന്ന് സർവീസ് നിലനിർത്തിയ ജ്യോക്കോവിച്ച് ഇടക്ക് സിറ്റിപാസിന്റെ സർവീസിൽ ബ്രൈക്ക് പോയിന്റുകളും സൃഷ്ടിച്ചു. എന്നാൽ ബ്രൈക്ക് വഴങ്ങിയില്ലെങ്കിലും അനിവാര്യമായ പരാജയം ഒഴിവാക്കാൻ ഗ്രീക്ക് താരത്തിന് ആയില്ല. 6-4 നു സെറ്റും കിരീടവും ചരിത്രവും നൊവാക് ജ്യോക്കോവിച്ച് കുറിച്ചു.
തന്റെ ആദ്യ ഗ്രാന്റ് സ്ലാം ഫൈനലിൽ മത്സരം സ്വന്തം കയ്യിൽ നിന്ന് കൈവിട്ട നിരാശ തന്നെയാവും സിറ്റിപാസിന് കൂട്ട്. എന്നാൽ ഈ പ്രകടനം തുടർന്നും താരത്തിന് ആത്മവിശ്വാസം പകരും. ടെന്നീസിൽ ഇതിഹാസ താരങ്ങൾ ആയ റോജർ ഫെഡറർ, റാഫേൽ നദാൽ എന്നിവർക്ക് സാധിക്കാത്ത രണ്ടാം കരിയർ സ്ലാം എന്ന നേട്ടം രണ്ടാം ഫ്രഞ്ച് ഓപ്പൺ കിരീടത്തിലൂടെ കൈവരിക്കുന്ന ജ്യോക്കോവിച്ച് ടെന്നീസ് ചരിത്രം കണ്ട ഏറ്റവും മഹാനായ താരം താനാണ് എന്നു കൂടി പറയുകയാണ് ഈ ചരിത്ര നേട്ടത്തിലൂടെ. പലപ്പോഴും നദാലിന്റെ സാന്നിധ്യത്തിൽ മാത്രം നഷ്ടമാവുന്ന ഫ്രഞ്ച് ഓപ്പൺ കിരീടം കൂടി നേടിയതിലൂടെ ഈ സീസണിലെ നാലു ഗ്രാന്റ് സ്ലാം കിരീടങ്ങൾ കൂടിയാണ് ജ്യോക്കോവിച്ച് ഇനി ലക്ഷ്യം വക്കുക. ഓസ്ട്രേലിയൻ ഓപ്പൺ, ഫ്രഞ്ച് ഓപ്പൺ കിരീടങ്ങൾ നേടിയ ജ്യോക്കോവിച്ച് വിംബിൾഡൺ, യു.എസ് ഓപ്പൺ കിരീടങ്ങൾ കൂടി നേടി ചരിത്രം എഴുതിയാലും അതിശയിക്കാനില്ല. 2 സെറ്റ് പിറകിൽ നിന്നു തനിക്ക് ബുദ്ധിമുട്ട് ആയ കളിമണ്ണ് മൈതാനത്ത് ജ്യോക്കോവിച്ച് നടത്തിയ തിരിച്ചു വരവ് താരത്തിന്റെ അവിശ്വസനീയമായ മനക്കരുത്തിന്റെ ഒരിക്കൽ കൂടിയുള്ള വിളംബരം ആയി. തീവ്ര ഫെഡറർ, നദാൽ ആരാധകർക്ക് കൂടി ജ്യോക്കോവിച്ച് ആണ് ചരിത്രം കണ്ട ഏറ്റവും മഹത്തായ താരം എന്നു സമ്മതിക്കേണ്ടി വരേണ്ട അവസ്ഥ തന്നെയാണ് നിലവിലുള്ളത്.