യൂറോ കപ്പിൽ ഗ്രൂപ്പ് ഇയിൽ ഇന്ന് നടക്കുന്ന മത്സരത്തിൽ പോളണ്ടും സ്ലൊവാക്യയും ഏറ്റുമുട്ടും. 2016ൽ യൂറോ കപ്പിൽ ക്വാർട്ടർ ഫൈനൽ വരെ എത്തിയിരുന്ന പോളണ്ട് ഇത്തവണയും അത്തരം വലിയ ലക്ഷ്യങ്ങളുമായാണ് എത്തുന്നത്. അടുത്ത കാലത്തായി നല്ല ഫോമിൽ അല്ലാത്ത പോളണ്ടിന്റെ മുഴുവൻ പ്രതീക്ഷയും സൂപ്പർ സ്ട്രൈക്കർ ലെവൻഡോസ്കിയിലാണ്. ലെവൻഡോസ്കിയുടെ മികവിന് മാത്രമേ പോളണ്ടിനെ ഫോമിലേക്ക് തിരികെ കൊണ്ടുവരാൻ ആകു എന്ന് പോളണ്ട് ആരാധകരും വിശ്വസിക്കുന്നു.
പരിക്ക് കാരണം ലെവൻഡോസ്കിക്ക് ഒപ്പം അറ്റാക്കിംഗ് പാട്ണേഴ്സ് ആയി മിലികോ, പിയാറ്റകോ ഇന്ന് ഉണ്ടാകില്ല. യുവന്റസ് ഗോൾ കീപ്പർ ചെസ്നിയുടെ പ്രകടനങ്ങളും പോളണ്ടിന് നിർണായകമാകും. പോളണ്ടിന്റെ എതിരാളികളായ സ്ലൊവാക്യയും അത്ര നല്ല ഫോമിൽ അല്ല. അവസാന ആറ് മത്സരത്തിൽ ഒരു വിജയം മാത്രമെ സ്ലൊവാക്യക്ക് ഉള്ളൂ. ഇന്റർ മിലാൻ താരം സ്ക്രിനിയറും വിശ്വസ്ഥനായ ഹാംസികും ആണ് സ്ലൊവേക്യ നിരയിലെ പ്രധാനികൾ. ഇന്ന് രാത്രി 9.30ന് നടക്കുന്ന മത്സരം തത്സമയം സോണി നെറ്റ്വർക്കിൽ കാണാം.