യൂറോ കപ്പ്; സ്പെയിന് മുന്നിൽ ഇന്ന് സ്വീഡൻ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

യൂറോ കപ്പിൽ ഗ്രൂപ്പ് ഇയിൽ ഇന്ന് നടക്കുന്ന മത്സരത്തിൽ സ്പെയിൻ സ്വീഡനെ നേരിടും. സെവിയ്യയിൽ വെച്ച് നടക്കുന്ന പോരാട്ടത്തിൽ ലൂയി എൻറികെയുടെ സ്പെയിൻ തന്നെയാണ് ഫേവറിറ്റുകൾ. മൂന്ന് തവണ യൂറോ കപ്പ് നേടിയിട്ടുള്ള സ്പെയിൻ ഇത്തവണ അത് നാലാക്കി മാറ്റാനുള്ള ഒരുക്കത്തിലാ‌ണ്. സ്വീഡൻ ആകട്ടെ 2004ന് ശേഷം ഇതുവരെ യൂറോ കപ്പിന്റെ ഗ്രൂപ്പ് ഘട്ടം കടന്നിട്ടില്ല.

സ്പെയിൻ നിരയിൽ എന്നും കേട്ടിരുന്ന പല പേരുകളെയും ഒഴിവാക്കിയാണ് ലൂയി എൻറികെ യൂറോ കപ്പിന് എത്തിയിരിക്കുന്നത്. താരങ്ങളെക്കാൾ പരിശീലകനിലാണ് സ്പാനിഷ് ഫുട്ബോൾ പ്രേമികളും വിശ്വാസം അർപ്പിക്കുന്നത്. കൊറോണ കാരണം ബുസ്കറ്റ്സും ഡിയോഗേ യൊറന്റെയും സ്പെയിൻ സ്ക്വാഡിൽ ഇന്ന് ഉണ്ടാകില്ല. സ്വീഡനും കൊറോണ പ്രശ്നമുണ്ട്. യുവന്റസ് താരം കുളുസവേസ്കിയും ബോളോന താരം മാറ്റിയ സ്വെൻബെർഗും കൊറോണ കാരണം പുറത്താണ്.

തിയാഗൊ, കൊകെ, റോഡ്രി എന്നിവർ ഇറങ്ങുന്ന മധ്യനിരയിൽ ആകും സ്പെയിനിന്റെ പ്രതീക്ഷ. ലപോർടയും പോ ടോറസും സെന്റർ ബാക്കിൽ ഇറങ്ങാനാണ് സാധ്യത. ഡി ഹിയയെ ബെഞ്ചിൽ ഇരുത്തി ഉനായ് സിമോൺ സ്പാനിഷ് വല കാത്തേക്കും. അറ്റാക്കിൽ ഫെറാൻ ടോറസ്, മൊറാട്ട എന്നിവരും ഉണ്ടാകും. ഓൽസനും ലാർസനും ലിൻഡെലോഫും ആകും സ്വീഡൻ പ്രതീക്ഷകളെ നയിക്കുന്നത്. ഇന്ന് രാത്രി 12.30ന് നടക്കുന്ന മത്സരം തത്സമയം സോണി നെറ്റ്വർക്കിൽ കാണാം.