യൂറോ കപ്പിൽ ഇന്നത്തെ ഏറ്റവും ആവേശകരമായ മത്സരം നടക്കുന്നത് അങ്ങ് റഷ്യയിലാണ്. ഗ്രൂപ്പ് ബിയിൽ കരുത്തരായ ബെൽജിയവും റഷ്യയും ആണ് നേർക്കുനേർ വരുന്നത്. റഷ്യൻ ലോകകപ്പിൽ സെമി വരെ എത്തിയ ബെൽജിയം ഇത്തവണ യൂറോ കപ്പ് വിജയിക്കാൻ ഫേവറിറ്റുകൾ എന്ന് കരുതപ്പെടുന്ന ടീമുകളിൽ ഒന്നാണ്. റഷ്യൻ ലോകകപ്പിൽ റഷ്യയുടെ മികവ് കണ്ടിട്ടുള്ള ലോക ഫുട്ബോൾ അവരെയും എഴുതി തള്ളുന്നില്ല.
യൂറോ കപ്പ് യോഗ്യത റൗണ്ടിന്റെ സമയത്ത് റഷ്യയുമായി ഏറ്റുമുട്ടിയപ്പോൾ രണ്ടു തവണയും വലിയ വിജയങ്ങൾ നേടാൻ ബെൽജിയത്തിനായിരുന്നു. ഇരുടീമുകളും ഏറ്റുമുട്ടിയ അവസാന എട്ടു മത്സരത്തിൽ ഒന്ന് പോലും ബെൽജിയം പരാജയപ്പെട്ടിട്ടില്ല. എന്നാൽ പരിക്ക് കാരണം പ്രധാന താരമായ കെവിൻ ഡി ബ്രുയിനും വിറ്റ്സലും ഇല്ലാതെയാകും ബെൽജിയം ഇന്ന് ഇറങ്ങുന്നത്. ഹസാർഡ് കളിക്കുന്നതും സംശയമാണ്.
ഇവരില്ലായെങ്കിലും ശക്തമായ നിരയെ ഇറക്കാൻ റൊബേർടോ മാർട്ടിനസിന് കഴിയും. ലുകാകു, മെർടൻസ് എന്നിവർ അറ്റാക്കിൽ ഇന്ന് ഉണ്ടാകും. ഇന്ററിന് കിരീടം നേടിക്കൊടുത്ത ലുകാകു ഗംഭീര ഫോമിലാണ്. ഹസാർഡിന്റെ അനുജൻ തോർഗൻ ഹസാർഡും ഇന്ന് ആദ്യ ഇലവനിൽ ഉണ്ടാകും. റഷ്യൻ താരം ദിമിത്രി ബരിനോവിന് അവസാന മത്സരത്തിൽ പരിക്കേറ്റിരുന്നു എങ്കിലും താരം ഫിറ്റ്നെസ് വീണ്ടെടുത്തിട്ടുണ്ട്. കഴിഞ്ഞ ലോകകപ്പിൽ താരമായി മാറിയ ഗൊളോവിന്റെ പ്രകടനവും റഷ്യൻ നിരയിൽ നിന്ന് ഫുട്ബോൾ പ്രേമികൾ ഉറ്റു നോക്കുന്നു.
ഇന്ന് രാത്രി 12.30നാണ് മത്സരം നടക്കുക. മത്സരം തത്സമയം സോണി നെറ്റ്വർക്കിൽ കാണാം.