ഇന്ന് യൂറോ കപ്പിൽ നടക്കുന്ന രണ്ടാം മത്സരത്തിൽ ഫിൻലാൻഡും ഡെന്മാർക്കും ആണ് നേർക്കുനേർ വരുന്നത്. ഗ്രൂപ്പ് ബിയിൽ നടക്കുന്ന മത്സരം ഡെന്മാർക്കിന്റെ ഹോം ഗ്രൗണ്ടായ പാർകെനിലാണ് നടക്കുന്നത്. ശക്തരായ ഡെന്മാർക്കിനെ ഫിൻലാൻഡിന് തടയാൻ ആകുമോ എന്നത് സംശയമാണ്. യൂറോപ്യൻ ഫുട്ബോൾ പ്രേമികൾക്ക് പരിചതമായ ഏറെ മുഖങ്ങൾ ഡെന്മാർക്ക് ടീമിൽ ഉണ്ട്. ഇന്റർ മിലാൻ താരം ക്രിസ്റ്റ്യം എറിക്സൺ, ലെസ്റ്റർ സിറ്റിയുടെ ഗോൾ കീപ്പർ കാസ്പർ ഷിമൈക്കിൾ, ചെൽസി സെന്റർ ബാക്ക് ക്രിസ്റ്റ്യൻസൻ,ടോട്ടനം മധ്യനിരതാരം ഹൊയിബർഗ് എന്നിവർ ഇന്ന് ഡെന്മാർക്കിന്റെ ആദ്യ ഇലവനിൽ ഉണ്ടാകും.
2016 യൂറോ കപ്പിന് യോഗ്യത നേടാൻ കഴിയാതിരുന്ന ഡെന്മാർക്ക് ഇത്തവണ വലിയ സ്വപ്നങ്ങൾ ആണ് കാണുന്നത്. 1992ൽ യൂറോ കപ്പ് ജേതാക്കളായവരാണ് ഡെന്മാർക്ക്. മികച്ച ഫോമിലാണ് ഡെന്മാർക്ക് ഉള്ളത്. ബാഴ്സലോണ സ്ട്രൈക്കർ ബ്രെത്വൈറ്റ്, ലൈപ്സിഗിന്റെ പൗൾസൻ എന്നിവരാകും ഡെന്മാർക്കിന്റെ അറ്റാക്കിൽ ഉണ്ടാവുക.
ഫിൻലാൻഡിന് വലിയ സൂപ്പർ താരങ്ങൾ ഒന്നും ഒപ്പം ഇല്ല. ടീമിനെ മുന്നിൽ നിന്ന് നയിച്ചിരുന്ന പുക്കി ആണെങ്കിൽ പരിക്ക് കാരണം ഇന്ന് കളിക്കാനും സാധ്യതയില്ല. അവസാന അഞ്ചു മത്സരങ്ങളിൽ ഒരു വിജയം പോലും ഇല്ലാതെയാണ് ഫിൻലാൻഡ് യൂറോ കപ്പിന് എത്തുന്നത്.
ഇന്ന് രാത്രി 9.30നാണ് മത്സരം നടക്കുക. മത്സരം തത്സമയം സോണി നെറ്റ്വർക്കിൽ കാണാം.