പ്രഥമ CONCACAF ലീഗ് കിരീടം അമേരിക്ക സ്വന്തമാക്കി. ഇന്ന് പുലർച്ചെ നടന്ന ആവേശകരമായ ഫൈനലിൽ മെക്സിക്കോയെ തോൽപ്പിച്ചാണ് അമേരിക്ക കിരീടം നേടിയത്. എക്സ്ട്രാ ടൈം വരെ നീണ്ട പോരാട്ടത്തിം 3-2 എന്ന സ്കോറിനായിരുന്നു വിജയം. കളിയിൽ രണ്ടു തവണ പിറകിൽ പോയ ശേഷമാണ് അമേരിക്ക തിരിച്ചടിച്ചത്. കളി തുടങ്ങി 60ആം സെക്കൻഡിൽ തന്നെ കൊറോണയിലൂടെ ലീഡ് നേടാൻ മെക്സിക്കോയ്ക്ക് ആയി.
27ആം മിനുട്ടിൽ യുവതാരം റെയ്ന അമേരിക്കയ്ക്ക് സമനില നൽകി. പിന്നീട് 79ആം മിനുട്ടിൽ ലൈനസിലൂടെ വീണ്ടും മെക്സിക്കോ മുന്നിൽ എത്തി. ഇത്തവണ മൂന്ന് മിനുട്ട് മാത്രമെ അമേരിക്ക തിരിച്ചടിക്കാൻ എടുത്തുള്ളൂ. യുവന്റസ് മധ്യനിര താരം മക്കെന്നിയുടെ വകയായിരുന്നു യു എസ് എയുടെ രണ്ടാം ഗോൾ. കളി പിന്നീട് എക്സ്ട്രാ ടൈമിലേക്ക് നീങ്ങി.
എക്സ്ട്രാ ടൈമിന്റെ രണ്ടാം പകുതിയിൽ ഒരു വിവാദ പെനാൾട്ടി തീരുമാനം അമേരിക്കയെ തുണച്ചു. 114ആം മിനുട്ടിൽ കിട്ടിയ പെനാൾട്ടി പുലിസിക് ലക്ഷ്യത്തിൽ എത്തിച്ചു കൊണ്ട് അമേരിക്കയെ കിരീടത്തിലേക്ക് നയിച്ചു.