പരിക്ക് കൗണ്ടിയിലെ കളി മതിയാക്കി ഷോൺ അബോട്ട് മടങ്ങുന്നു

Sports Correspondent

തന്റെ കൗണ്ടിയിലെ സമയം അവസാനിപ്പിച്ച് ഓസ്ട്രേലിയൻ പേസര്‍ ഷോൺ അബോട്ട് മടങ്ങുന്നു. ഹാംസ്ട്രിംഗ് പരിക്കാണ് താരത്തിനെ നാട്ടിലേക്ക് മടങ്ങുവാൻ പ്രേരിപ്പിക്കുന്നത്. സറേയ്ക്ക് വേണ്ടിയാണ് താരം കൗണ്ടിയിൽ കളിച്ചിരുന്നത്. ഗ്ലൗസ്റ്റര്‍ഷയറിനെതിരെയുള്ള മത്സരത്തിനിടെയാണ് താരത്തിന് പരിക്കേറ്റത്. മത്സരത്തിന്റെ അവസാന ദിവസം താരം കളത്തിലിറങ്ങിയിരുന്നില്ല.

താരം ടി20 ബ്ലാസ്റ്റിനും കരാറിലെത്തിയിരുന്നുവെങ്കിലും ഇനി ഓസ്ട്രേലിയൻ ആഭ്യന്തര സീസണിന് മുമ്പ് തിരിച്ച് ഫിറ്റായി മടങ്ങിയെത്തുക എന്നതാണ് താരത്തിന്റെ ലക്ഷ്യം. താരം ആദ്യ മത്സരത്തിൽ മികച്ച പ്രകടനമായിരുന്നു പുറത്തെടുത്തതെന്നും എന്നാൽ പരിക്ക് ദൗര്‍ഭാഗ്യകരമെന്നും സറേയുടെ ഡയറക്ടര്‍ ഓഫ് ക്രിക്കറ്റ് അലക്സ് സ്റ്റുവര്‍ട് പറ‍ഞ്ഞു.

സറേയുടെ നിരയിലിപ്പോൾ ഹഷിം അംല മാത്രമാണ് വിദേശ താരമായുള്ളത്. ഷോൺ അബോട്ട് ജൂലൈ 16 വരെയായിരുന്നു ഇംഗ്ലണ്ടിൽ നില്‍ക്കേണ്ടിയിരുന്നതെങ്കിലും താരം ഓസ്ട്രേലിയയിലേക്ക് മടങ്ങി രണ്ടാഴ്ചത്തെ ക്വാറന്റീന് വിധേയനാകും.