ടെസ്റ്റ് ക്രിക്കറ്റിൽ റാങ്ക് മെച്ചപ്പെടുത്തുവാൻ ദക്ഷിണാഫ്രിക്ക ശ്രമിക്കണം – ഡീൻ എൽഗാർ

Sports Correspondent

ദക്ഷിണാഫ്രിക്ക ടെസ്റ്റ് ക്രിക്കറ്റിൽ തങ്ങളുടെ റാങ്കിംഗ് മെച്ചപ്പെടുത്തുവാൻ ശ്രമിക്കേണ്ടതുണ്ടെന്ന് പറഞ്ഞ് പുതിയ ദക്ഷിണാഫ്രിക്കൻ ടെസ്റ്റ് നായകൻ ഡീൻ എൽഗാർ. ദക്ഷിണാഫ്രിക്ക വെസ്റ്റിൻഡീസിലേക്ക് പുതുമുഖങ്ങളുടെ ടീമുമായാണ് യാത്രയാകുന്നത്. ഇത് ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റിലെ പുതിയൊരു ഏടാണെന്നാണ് ഡീൻ എൽഗാർ പറഞ്ഞത്.

കഴിഞ്ഞ കുറച്ച് നാളായി ദക്ഷിണാഫ്രിക്ക സ്ഥിരതയാർന്ന പ്രകടനമല്ല പുറത്തെടുക്കുന്നതെന്നും അതിലൊരു മാറ്റം താരങ്ങൾ കൊണ്ടുവരേണ്ടതുണ്ടെന്നും എൽഗാർ വ്യക്തമാക്കി. 2012ൽ തന്റെ ടെസ്റ്റ് അരങ്ങേറ്റം നടത്തിയ ഡീൻ എൽഗാർ അരങ്ങേറ്റത്തിന് അഞ്ച് മാസത്തിനുള്ളിൽ ടെസ്റ്റ് റാങ്കിംഗിൽ ഒന്നാം സ്ഥാനം സ്വന്തമാക്കിയിരുന്നു.

നിലവിൽ വിൻഡീസിന് ഒരു സ്ഥാനം പിന്നിൽ ഏഴാം സ്ഥാനത്താണ് ദക്ഷിണാഫ്രിക്ക റാങ്കിംഗിൽ നിലകൊള്ളുന്നത്. അടുത്ത ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് യോഗ്യത നേടണമെന്നതായിരിക്കണം ദക്ഷിണാഫ്രിക്കയുടെ ലക്ഷ്യമെന്നും അതിന് സ്ഥിരതയാർന്ന പ്രകടനം അവർ പുറത്തെടുക്കണമെന്നും ദക്ഷിണാഫ്രിക്കൻ നായകൻ വ്യക്തമാക്കി.