മുൻ യുവന്റസ് പരിശീലകൻ അലെഗ്രി തിരികെ ടൂറിനിൽ എത്തി. അലെഗ്രിയും യുവന്റസും തമ്മിൽ കരാർ ഒപ്പുവെച്ചതായി ഇറ്റാലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഉടൻ തന്നെ ഔദ്യോഗിക പ്രഖ്യാപനം വരും എന്നാണ് പ്രതീക്ഷിക്കുന്നത്. പിർലോയെ പുറത്താക്കുന്നതും അലെഗ്രി വരുന്നത് ഉടൻ തന്നെ യുവന്റസ് പ്രഖ്യാപിക്കും. രണ്ട് സീസൺ മുമ്പാണ് അലെഗ്രി യുവന്റസ് പരിശീലക സ്ഥാനം ഒഴിഞ്ഞത്.
അലെഗ്രിയുമായി നീണ്ടകാലമായി ചർച്ചകൾ നടത്തുന്ന റയൽ മാഡ്രിഡിന്റെ ഓഫർ നിരസിച്ചാണ് അലെഗ്രി യുവന്റസിലേക്ക് വരുന്നത്. നാലു വർഷത്തെ കരാർ ആണ് അലെഗ്രിക്ക് യുവന്റസ് നൽകുന്നത്. യുവന്റസിലെ പ്രധാന തീരുമാനങ്ങൾ എടുക്കാനുള്ള അവകാശവും അലെഗ്രിക്ക് ലഭിക്കും. അലെഗ്രിയുടെ വരവോടെ വലിയ പല മാറ്റങ്ങളും യുവന്റസ് നടത്തേണ്ടതായും വരും. അവസാന രണ്ടു സീസണുകളായി ഒരു ക്ലബിനെയും അലെഗ്രി പരിശീലിപ്പിച്ചിട്ടില്ല. യുവന്റസിനൊപ്പം അഞ്ചു സീസണിൽ നിന്ന് 11 കിരീടങ്ങൾ നേടാൻ നേരത്തെ അലെഗ്രിക്ക് ആയിരുന്നു.