റയൽ മാഡ്രിഡ് മിഡ്ഫീൽഡർ ലൂക്ക മോഡ്രിച്ചിന് ക്ലബ്ബിൽ പുതിയ കരാർ. പുതിയ കരാർ പ്രകാരം മോഡ്രിച്ച് ഒരു വർഷം കൂടി ക്ലബ്ബിൽ തുടരും. ഇതോടെ 35കാരനായ മോഡ്രിച് 2022 ജൂൺ 30 വരെ റയൽ മാഡ്രിഡിൽ തുടരും. തന്റെ വേതനത്തിൽ കുറവ് വരുത്തിയാണ് ലൂക്ക മോഡ്രിച്ച് ഒരു വർഷം കൂടി ക്ലബ്ബിൽ തുടരുന്നത്. മാസങ്ങളോളം നീണ്ടു നിന്ന ചർച്ചകൾക്ക് ശേഷമാണ് താരം റയൽ മാഡ്രിഡിൽ പുതിയ കരാറിൽ ഒപ്പുവെക്കുന്നത്.
2012ൽ ടോട്ടൻഹാമിൽ നിന്ന് 35 മില്യൺ യൂറോ നൽകിയാണ് മോഡ്രിച്ചിനെ റയൽ മാഡ്രിഡ് സ്വന്തമാക്കിയത്. റയൽ മാഡ്രിഡിന് വേണ്ടി 383 മത്സരങ്ങൾ കളിച്ച മോഡ്രിച്ച് 26 ഗോളുകളും 61 അസിസ്റ്റുകളും സ്വന്തമാക്കിയിട്ടുണ്ട്. ക്ലബ്ബിന്റെ കൂടെ നാല് ചാമ്പ്യൻസ് ലീഗ് കിരീടവും ഒരു ലീഗ് കിരീടവും ഒരു കോപ്പ ഡെൽ റേ കിരീടവും നാല് ക്ലബ് വേൾഡ് കപ്പ് കിരീടവും മോഡ്രിച് നേടിയിട്ടുണ്ട്. കൂടാതെ 2018ൽ ബലോൺ ഡി ഓർ പുരസ്ക്കാരവും താരത്തെ തേടിയെത്തിയിട്ടുണ്ട്.