മാഞ്ചസ്റ്റർ സിറ്റിയുടെ സെന്റർ ബാക്കായ ലപോർടെയുടെ നീണ്ട കാലത്തെ കാത്തിരിപ്പിന് അവസാനമായി. ഒരു രാജ്യത്തിനായി കളിക്കുക എന്ന താരത്തിന്റെ അഗ്രഹം സ്പാനിഷ് ടീമിലൂടെ ആകും സത്യമാകുന്നത്. സ്പെയിൻ ആണ് ലപോർടെയെ യൂറോ കപ്പിനായുള്ള ടീമിൽ എടുത്തത്. റാമോസിന്റെ അഭാവത്തിൽ ലപോർടെ ആകും സ്പെയിനിന്റെ യൂറോ കപ്പിലെ പ്രധാന സെന്റർബാക്ക്.
അടുത്തിടെ സ്പാനിഷ് പൗരത്വം എടുത്ത ലപോർടെയുടെ ഫുട്ബോൾ രാജ്യം മാറാനുള്ള അപേക്ഷ ഫിഫ അംഗീകരിച്ചിരുന്നു. ഫ്രഞ്ച് സ്വദേശിയായ ലപോർടെയ്ക്ക് ഇത്ര കാലമായിട്ടും ഫ്രാൻസിനായി കളിക്കാൻ ആയിരുന്നില്ല. ഫ്രഞ്ച് പരിശീലകനായ ദെഷാംസ് ലപോർടെയെ ടീമിലേക്ക് പരിഗണിക്കാത്തത് നേരത്തെ ഒരുപാട് വിവാദമായിരുന്നു. ലപോർടെ തന്റെ പദ്ധതികളിൽ ഇല്ല എന്ന് ദെഷാംസും പറഞ്ഞിരുന്നു.
സ്പാനിഷ് പരിശീലകൻ എൻറികെയുടെ ക്ഷണം സ്വീകരിച്ച് സ്പെയിനായി കളിക്കാൻ വേണ്ടി മാത്രമായിരുന്നു ലപോർടെ സ്പാനിഷ് പൗരത്വം എടുത്തത്. സ്പെയിനിൽ ഒരുപാട് കാലം ക്ലബ് ഫുട്ബോൾ കളിച്ചിട്ടുള്ള താരമാണ് ലപോർടെ. തന്നെ അവഗണിച്ചവർക്ക് സ്പാനിഷ് ജേഴ്സിയിൽ ലപോർടെ മറുപടി പറയുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.