2018ല്‍ ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റം കുറിച്ച് ശേഷം വെസ്റ്റിന്‍ഡീസിനെതിരെ ശതകം നേടിയെങ്കിലും തൊട്ടടുത്ത മാസം ബാന്‍ഡ് സബ്സ്റ്റന്‍സ് കണ്ടെത്തിയതിന് പൃഥ്വി ഷായെ എട്ട് മാസത്തേക്ക് ബിസിസിഐ വിലക്കിയിരുന്നു. അണ്ടര്‍ 19 ലോകകപ്പും വിജയിച്ചെത്തിയ താരത്തിന്റെ കരിയറിന്റെ തുടക്കത്തിലേറ്റ പിഴവിനെക്കുറിച്ച് പൃഥ്വി ഇപ്പോള്‍ മനസ്സ് തുറക്കുകയാണ്.
സയ്യദ് മുഷ്താഖ് അലി ട്രോഫിയ്ക്കിടെ തനിക്ക് ചുമയും ജലദോഷവും വന്നപ്പോള്‍ പിതാവിനോട് സംസാരിച്ച ശേഷം താന്‍ കഫ് സിറപ്പ് കുടിച്ചതാണ് പിഴച്ചതെന്നും താന്‍ അന്ന് ഫിസിയോയോട് സംസാരിക്കണമായിരുന്നുവെന്നും താരം വ്യക്തമാക്കി.
തന്റെയും പിതാവിന്റെയും ഭാഗത്താണ് അന്നത്തെ സംഭവത്തില്‍ പിഴവെന്നും ഇന്‍ഡോറില്‍ സയ്യദ് മുഷ്താഖ് അലി ട്രോഫിയ്ക്കിടെ അസുഖ ബാധിതനായ താന്‍ പുറത്ത് ഭക്ഷണം കഴിക്കാന്‍ ചെന്നപ്പോള്‍ പിതാവിനോട് സംസാരിച്ച ശേഷം അടുത്തുള്ള കടയില്‍ നിന്നൊരു കഫ് സിറപ്പ് വാങ്ങി കുടിച്ചതാണെന്നും ഫിസിയോയോട് സംസാരിക്കാതിരുന്നതിലെ പിഴവ് തന്റെ ഭാഗത്താണെന്നും പൃഥ്വി ഷാ ഒരു സ്പോര്‍ട്സ് ചാനലിനോട് സംസാരിക്കുമ്പോള്‍ വ്യക്തമാക്കി.
രണ്ട് ദിവസത്തേക്ക് സിറപ്പ് കഴിച്ച തനിക്ക് മൂന്നാം ദിവസമായിരുന്നു ഡോപ് ടെസ്റ്റെന്നും പോസിറ്റീവായപ്പോള്‍ താന്‍ തന്റെ ഇമേജിനെക്കുറിച്ച് വല്ലാതെ ചിന്തിച്ചതെന്നും അന്ന് ഈ വിവാദങ്ങളില്‍ നിന്നെല്ലാം മാറി നില്ക്കുവാന് താന്‍ ലണ്ടനിലേക്ക് പോയെന്നും അവിടെ ചെന്നിട്ടും റൂമില്‍ നിന്ന് അധികം പുറത്തിറങ്ങാതെയാണ് താന്‍ കഴിഞ്ഞതെന്നും പൃഥ്വി ഷാ വ്യക്തമാക്കി.