ടി20 ലോകകപ്പിനെക്കുറിച്ചുള്ള ഐസിസി തീരുമാനം ജൂണ്‍ 1ന്

Sports Correspondent

2021 ടി20 ലോകകപ്പ് യുഎഇയിലേക്ക് മാറ്റണോ ഇന്ത്യയില്‍ നടത്തണമോ എന്നതിനെക്കുറിച്ചുള്ള തീരുമാനം ജൂണ്‍ 1ന് ഐസിസി കൈക്കൊള്ളും. അതിന് ഏതാനും ദിവസം മുമ്പ് ബിസിസിഐ പ്രത്യേക യോഗം ചേരുന്നതിലെ തീരുമാനത്തിന്റെ പ്രതിഫലനം ആവും ഐസിസിയുടെ എക്സിക്യൂട്ടീവ് ബോര്‍ഡ് മീറ്റിംഗില്‍ ഉണ്ടാകുകയെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍.

ഇന്ത്യയിലെ കോവിഡ് സാഹചര്യം വഷളായ സ്ഥിതിയില്‍ ഇന്ത്യയില്‍ നിന്ന് ലോകകപ്പ് മാറ്റി കരുതല്‍ വേദിയായി പ്രഖ്യാപിച്ച യുഎഇയിലേക്ക് മാറ്റുക എന്ന തീരുമാനത്തിലേക്കാവും മിക്കവാറും ഐസിസി എത്തുക. ഐപിഎല്‍ നിര്‍ത്തി വയ്ക്കേണ്ടി വന്നതും ഇന്ത്യയുടെ ലോകകപ്പ് സാധ്യതകള്‍ക്ക് തിരിച്ചടിയാണ്.

ലോകകപ്പ് വേദി മാറ്റിയാലും അതിന് മുമ്പ് ഐപിഎല്‍ നടത്തി തങ്ങളുടെ നഷ്ടം കുറയ്ക്കുക എന്നതാണ് ബിസിസിഐ ഇപ്പോള്‍ ആലോചിക്കുന്ന കാര്യം. ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലാണ് ടി20 ലോകകപ്പ് നടത്തുവാന്‍ നിശ്ചയിച്ചിരുന്നത്. 16 ടീമുകളാണ് ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കുക.