ബൊറൂസിയ ഡോർട്മുണ്ടിന്റെ ക്യാപ്റ്റനായ മാർകോ റിയുസ് യൂറോ കപ്പിൽ ഉണ്ടാകില്ല. യൂറോ കപ്പിനായുള്ള സ്ക്വാഡിൽ തന്നെ ഉൾപ്പെടുത്തെണ്ട എന്ന് താൻ ജർമ്മൻ പരിശീലകനായ ലോയോട് പറഞ്ഞതായി റിയുസ് ഇന്ന് ഇൻസ്റ്റഗ്രാമിൽ പറഞ്ഞു. ഇത്തവണത്തെ ഫുട്ബോൾ സീസൺ നീളമുള്ളതായിരുന്നു എന്നും അതുകൊണ്ട് തന്നെ തനിക്ക് വിശ്രമം ആവശ്യം ഉണ്ട് എന്നും റിയുസ് പറഞ്ഞു.
കരിയറിൽ ഉടനീളം പരിക്ക് കാരണം പ്രയാസം അനുഭവിക്കേണ്ടി വന്ന താരമാണ് റിയുസ്. 2014ലെ ലോകകപ്പും 2016ലെ യൂറോ കപ്പും പരിക്ക് കാരണം റിയുസിന് നഷ്ടപ്പെട്ടിരുന്നു. വിശ്രമം ഇല്ലാതെ ഫുട്ബോൾ കളിച്ചാൽ വീണ്ടും പരിക്ക് തന്റെ കരിയറിനെ ബാധിക്കും എന്നത് കണക്കിലെടുത്താണ് റിയുസ് പിന്മാറുന്നത്. അവസാനമായി 2019ൽ ആണ് താരം ജർമ്മനിക്കായി കളിച്ചത്. റിയുസിന് മുമ്പ് ബാഴ്സലോണ താരം ടെർ സ്റ്റെഗനും ജർമ്മനിക്കൊപ്പം യൂറോ കപ്പിനുണ്ടാകില്ല എന്ന് അറിയിച്ചിരുന്നു.