റയൽ മാഡ്രിഡിൽ നിന്ന് പുറത്തേക്കെന്ന വാർത്തകൾ നിഷേധിച്ച് സിദാൻ

Staff Reporter

ഈ സീസണിന്റെ അവസാനത്തോടെ റയൽ മാഡ്രിഡ് പരിശീലക സ്ഥാനം ഒഴിയുമെന്ന വാർത്തകൾ നിഷേധിച്ച് സിദാൻ. കഴിഞ്ഞ ദിവസം സിദാൻ ഈ സീസണിന്റെ അവസാനത്തോടെ ടീം വിടുമെന്ന് ടീം അംഗങ്ങളെ അറിയിച്ചെന്ന് വാർത്തകൾ വന്നിരുന്നു. എന്നാൽ ഇത് നിഷേധിച്ചാണ് സിദാൻ ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്.

ലാ ലീഗ കിരീടം നേടാൻ റയൽ മാഡ്രിഡ് ടീം പൊരുതുന്ന ഈ സമയത്ത് തനിക്ക് തന്റെ ടീം അംഗങ്ങളോട് എങ്ങനെ ടീം വിടുന്ന കാര്യം പറയാൻ കഴിയുമെന്ന് സിദാൻ ചോദിച്ചു. ക്ലബിന് പുറത്തുള്ളവർക്ക് അവർക്ക് ഇഷ്ട്ടമുള്ള എന്തും പറയാമെന്നും എന്നാൽ താൻ ഒരിക്കലും തന്റെ കളിക്കാരോട് അങ്ങനെ പറയില്ലെന്നും സിദാൻ പറഞ്ഞു.

കഴിഞ്ഞ ദിവസം അത്ലറ്റിക് ബിൽബാവോയെ തോൽപ്പിച്ചതിന് ശേഷം സംസാരിക്കുകയായിരുന്നു റയൽ മാഡ്രിഡ് പരിശീലകൻ. നിലവിൽ ലാ ലീഗയിൽ ഒരു മത്സരം ശേഷിക്കെ റയൽ മാഡ്രിഡ് പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്താണ്. റയൽ മാഡ്രിഡ് അടുത്ത മത്സരവും ജയിക്കുകയും അത്ലറ്റികോ മാഡ്രിഡ് പരാജയപ്പെടുകയും ചെയ്താൽ മാത്രമാണ് റയൽ മാഡ്രിഡിന് ലാ ലിഗ കിരീടം നേടാനാവുക.