റയൽ മാഡ്രിഡിന്റെ ഇതിഹാസ താരം റൗൾ ബുണ്ടസ് ലീഗയിലേക്ക് തിരികെ എത്തിയേക്കും. ജർമ്മൻ ക്ലബായ ഫ്രാങ്ക്ഫർട് റൗളുമായി ചർച്ചകൾ ആരംഭിച്ചു കഴിഞ്ഞു. ഈ സീസൺ അവസാനത്തോടെ റൗളിനെ പരിശീലകനായി എത്തിക്കാൻ ആണ് ഫ്രാങ്ക്ഫർട് ശ്രമിക്കുന്നത്. ഇപ്പോൾ ഉള്ള പരിശീലകനായ അഡോൾഫ് ഹട്ടർ ഈ സീസൺ അവസാനം ക്ലബ് വിടും എന്ന സൂചനകൾ നൽകിയിട്ടുണ്ട്.
സീസൺ അവസാനം മാത്രമെ റൗളുമായുള്ള അടുത്ത ഘട്ട ചർച്ചകൾ ഫ്രാങ്കഫർട് നടത്തുകയുള്ളൂ. മുമ്പ് ബുണ്ടസ് ലീഗയിൽ ഷാൾക്കെയ്ക്ക് വേണ്ടി റൗൾ കളിച്ചിട്ടുണ്ട്. റയൽ മാഡ്രിഡിന്റെ യൂത്ത് ടീമായ കാസ്റ്റിലയുടെ പരിശീലകനാണ് റൗൾ ഇപ്പോൾ. കഴിഞ്ഞ സീസണിൽ യൂത്ത് ലീഗ് കിരീടം റയലിന് നേടിക്കൊടുക്കാൻ റൗളിനായിരുന്നു. റയലിന്റെ ജുവനൈൽ ടീമിനെയും മുമ്പ് റൗൾ പരിശീലിപ്പിച്ചിട്ടുണ്ട്. ഫ്രാങ്ക്ഫർടിന്റെ പരിശീലകൻ ആയാൽ അത് റൗളിന്റെ മാനേജ്മെന്റ് കരിയറിൽ വലിയ ചുവടുവെപ്പാകും. റയലിന്റെ ഇതിഹാസ താരമായ റൗൾ ക്ലബിനൊപ്പം മൂന്ന് ചാമ്പ്യൻസ് ലീഗ് കിരീടങ്ങളും ആറു ലാലിഗ കിരീടവും കരിയറിയിൽ നേടിയിട്ടുണ്ട്.