യൂറോപ്യൻ സൂപ്പർ ലീഗിന്റെ ഭാഗമായി ഇപ്പോഴും നിൽക്കുന്ന ക്ലബുകൾ വലിയ നടപടി നേരിടേണ്ടി വരും. 12 ക്ലബുകൾ ആയിരുന്നു യൂറോപ്യൻ സൂപ്പർ ലീഗ് എന്ന ആശയവുമായി വന്നത്. പ്രതിഷേധങ്ങൾ ഉയർന്നതോടെ 12ൽ എട്ടു ക്ലബുകളും സൂപ്പർ ലീഗിൽ നിന്ന് പിന്മാറാൻ തീരുമാനിച്ചിരുന്നു. എന്നാൽ ബാക്കി നാലു ക്ലബുകൾ, റയൽ മാഡ്രിഡ്, ബാഴ്സലോണ, യുവന്റസ്, മിലാൻ എന്നീ ടീമുകളാണ് ഇപ്പോഴും സൂപ്പർ ലീഗിനൊപ്പം നിൽക്കുന്നത്. രണ്ടു വർഷത്തേക്ക് ഈ ക്ലബുകളെ യൂറോപ്പിൽ നിന്ന് വിലക്കും എന്നാണ് വാർത്തകൾ വരുന്നത്.
ഈ ക്ലബുകൾ സൂപ്പർ ലീഗിനെ തള്ളി പറയാത്തത് ആണ് യുവേഫയെ ഇത്തരം നടപടിയിലേക്ക് എത്തിക്കുന്നത്. സൂപ്പർ ലീഗുമായി മുമ്പ് സഹകരിച്ചിരുന്ന ബാക്കി എട്ടു ക്ലബുകൾക്ക് ചെറിയ പിഴ വിധിക്കാനും യുവേഫ തീരുമാനിച്ചിട്ടുണ്ട്. മാഞ്ചസ്റ്റർ യുണൈറ്റഡ്, മാഞ്ചസ്റ്റർ സിറ്റി, ആഴ്സണൽ, ലിവർപൂൾ, സ്പർസ്, ചെൽസി, അത്ലറ്റിക്കോ മാഡ്രിഡ് എന്നീ ക്ലബുകൾ പിഴ അടക്കാം എന്നും സമ്മതിച്ചു. ഉടൻ തന്നെ ഈ വിഷയങ്ങളിൽ യുവേഫ ഔദ്യോഗിക പ്രസ്താവനകൾ ഇറക്കും.