തീയായ് മാഞ്ചസ്റ്റർ യുണൈറ്റഡ്!! റോമ കത്തി ചാമ്പലായി!!

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

റോമ ഒരിക്കലും മാഞ്ചസ്റ്ററിലേക്കുള്ള വരവ് ആസ്വദിച്ചിട്ടില്ല. ഇന്നും അതിന് യാതൊരു മാറ്റവുമില്ല. യൂറോപ്പ ലീഗ് സെമിയുടെ ആദ്യ പാദത്തിൽ വലിയ പരാജയം തന്നെ റോമ ഇന്ന് ഏറ്റുവാങ്ങി. രണ്ടിനെതിരെ ആറു ഗോളുകൾക്കാണ് റോമയെ മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് പരാജയപ്പെടുത്തിയത്. 2007ലെ 7-1ന്റെ പരാജയത്തോളം ആയില്ലല്ലോ എന്ന ആശ്വാസം മാത്രമേ റോമയ്ക്ക് ഇന്ന് ഉണ്ടാവുകയുള്ളൂ. ആദ്യ പകുതിയിൽ 1-2ന് പിറകിൽ നിന്ന ശേഷമായിരുന്നു യുണൈറ്റഡിന്റെ തിരിച്ചുവരവ്.

ആതിഥേയരായ മാഞ്ചസ്റ്റർ യുണൈറ്റഡ് മികച്ച രീതിയിലാണ് ഇന്ന് മത്സരം ആരംഭിച്ചത്. ഒമ്പതാം മിനുട്ടിൽ ആദ്യ അറ്റാക്കിൽ തന്നെ ലീഡ് എടുക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡിനായി. ബ്രൂണൊ ഫെർണാണ്ടസ് ആയിരുന്നു ലീഡ് നൽകിയത്. പോൾ പോഗ്ബ തുടങ്ങിയ അറ്റാക്കിൽ നിന്ന് പന്ത് സ്വീകരിച്ച കവാനി ഒറ്റ ടച്ച് പാസിലൂടെ ബ്രൂണോയെ ഗോൾ മുഖത്തേക്ക് തുറന്നു വിട്ടു. പന്ത് ചിപ്പ് ചെയ്ത് വലയിലേക്ക് എത്തിക്കാൻ ബ്രൂണോക്ക് ആയി. ബ്രൂണോയുടെ ഈ സീസണിലെ 25ആം ഗോളായിരുന്നു ഇത്.

യുണൈറ്റഡിന്റെ ലീഡ് അധികനേരം നീണ്ടു നിന്നില്ല. അഞ്ചു മിനുട്ടിനകം റോമ സമനില കണ്ടെത്തി. ഒരു പെനാൾട്ടിയിൽ നിന്നായിരുന്നു റോമയുടെ സമനില ഗോൾ. പോഗ്ബയുടെ ഒരു ഹാൻഡ്ബോൾ ആണ് പെനാൾട്ടി വിധിയിലേക്ക് എത്തിയത്. ആ പെനാൾട്ടി പെലഗ്രിനി സുഖമായി വലയിൽ എത്തിച്ചു. മാഞ്ചസ്റ്റർ യുണൈറ്റഡ് ലീഡിലേക്ക് തിരിച്ചുവരാൻ മറുവശത്ത് അറ്റാക്ക് ചെയ്തു. പക്ഷെ പോഗ്ബയുടെ ഷോട്ട് റോമ ഗോൾ കീപ്പർ ഫുൾ ഡൈവിലൂടെ രക്ഷിച്ചു.

മാഞ്ചസ്റ്റർ യുണൈറ്റഡ് അറ്റാക്ക് ചെയ്യുന്നതിനിടയിൽ മറുവശത്ത് റോമ കൗണ്ടറിലൂടെ യുണൈറ്റഡ് ഡിഫൻസിനെ വീഴ്ത്തി. 34ആം മിനുട്ടിൽ മിഖിതാര്യന്റെ മനോഹര പാസ് പെലഗ്രിനിയെ കണ്ടെത്തി. പെലഗ്രിനിയുടെ പാസ് ജെക്കോ ഒരു ടാപിന്നിലൂടെ വലയിലും എത്തിച്ചു. ആദ്യ പകുതിയുടെ അവസാനം റോമ ഡിഫൻസിന്റെ പിഴവിൽ നിന്ന് കവാനിക്ക് സമനില നേടാൻ സുവർണ്ണാവസരം കിട്ടി എങ്കിലും താരം ആ അവസരം തുലച്ചു കളഞ്ഞു.

ആ അവസരം തുലച്ചതിന് രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ കവാനി പരിഹാരം ചെയ്തു. 47ആം മിനുട്ടിൽ യുണൈറ്റഡ് സമനില ഗോൾ കവാനിയിലൂടെ നേടി. ഇത്തവണയും ബ്രൂണോ കവാനി കൂട്ടുകെട്ടാണ് ഗോളിനായി ഒരുമിച്ചത്. ബ്രൂണൊ ഫെർണാണ്ടസിന്റെ പാസ് സ്വീകരിച്ച് ഗോൾവലയുടെ ടോപ് കോർണറിൽ പന്ത് എത്തിക്കാൻ കവാനിക്ക് ആയി.

ഈ ഗോളിന് പിന്നാലെ ലൂക് ഷോയുടെ ക്രോസിൽ നിന്ന് ഒരു അവസരം കൂടെ കവാനിക്ക് ലഭിച്ചു. കവാനിയുടെ ഷോട്ട് ക്രോസ് ബാറിനു മുകളിലൂടെ പുറത്തേക്ക് പോയി. ആ മിസ്സിന്റെ ക്ഷീണവും കവാനി പെട്ടെന്നു തീർത്തു. 64ആം മിനുട്ടിൽ കവാനി വീണ്ടും വല കുലുക്കി. യുണൈറ്റഡ് ലീഡിലേക്ക് തിരികെ എത്തുകയും ചെയ്തു. സ്കോർ 3-2. ബ്രൂണൊ ഫെർണാണ്ടസിന്റെ പാസ് സ്വീകരിച്ച് വാൻ ബിസാക തൊടുത്ത ഷോട്ട് കയ്യിൽ ഒതുക്കാൻ റോമൻ കീപ്പർ കഷ്ടപ്പെട്ടു. അത് മുതലെടുത്ത് കവാനി ഒഴിഞ്ഞ പോസ്റ്റിലേക്ക് പന്ത് എത്തിക്കുക ആയിരുന്നു.

70ആം മിനുട്ടിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് നാലാം ഗോളും നേടി. ഒരു പെനാൾട്ടിയിൽ നിന്നായിരുന്നു മാഞ്ചസ്റ്ററിന്റെ നാലാം ഗോൾ. കവാനിയെ സ്മാളിംഗ് വീഴ്ത്തിയതിനായിരുന്നു പെനാൾട്ടി ലഭിച്ചത്. പെനാൾട്ടി എടുത്ത ബ്രൂണൊ ഫെർണാണ്ടസ് അനായാസം പന്ത് വലയിൽ എത്തിച്ചു. അവിടെയും യുണൈറ്റഡ് നിർത്തിയില്ല. മിനുട്ടുകൾക്ക് അകം യുണൈറ്റഡിന്റെ അഞ്ചാം ഗോളും വന്നു. ഇത്തവണ പോഗ്ബ ആയിരുന്നു ഗോൾ സ്കോറർ അവസരം ഒരുക്കിയത് ബ്രൂണൊ ഫെർണാണ്ടസും. ബ്രൂണോ നൽകിയ ക്രോസ് ഒരു സൂപ്പർ ഹെഡറിലൂടെയാണ് പോഗ്ബ വലയിൽ എത്തിച്ചത്.

സബ്ബായി എത്തിയ മേസൺ ഗ്രീൻവുഡും റോമയുടെ വലയിൽ പന്തെത്തിച്ചു. എഡിസൻ കവാനിയുടെ ക്രോസ് ഫീൽഡ് പാസ് സ്വീകരിച്ചാണ് ഗ്രീൻവുഡ് തന്റെ ഗോൾ നേടിയത്. ഇതോടെ റോമയുടെ പതനം പൂർത്തിയായി. പരാജയപ്പെട്ടു എങ്കിലും രണ്ട് എവേ ഗോളുകൾ നേടാൻ ആയി എന്നത് അവർക്ക് വിദൂരത്തിൽ ഒരു പ്രതീക്ഷ ബാക്കി നൽകും.