കൂറ്റന്‍ സ്കോര്‍ നേടുവാന്‍ പഞ്ചാബ് കിംഗ്സ് ബാറ്റ്സ്മാന്മാര്ക്ക് സാധിച്ചുവെങ്കിലും ശിഖര്‍ ധവാന്റെ മിന്നും പ്രകടനത്തിന് മുന്നില്‍ പഞ്ചാബ് ബൗളര്‍മാര്‍ മുട്ടുമടക്കിയപ്പോള്‍ 6 വിക്കറ്റ് വിജയവുമായി ഡല്‍ഹി ക്യാപിറ്റല്‍സ്.
ശിഖര്‍ ധവാനും പൃഥ്വി ഷായും കൂടി ഒന്നാം വിക്കറ്റില്‍ നേടിക്കൊടുത്ത തകര്‍പ്പന്‍ കൂട്ടുകെട്ടിന്റെ ബലത്തില്‍ ചേസിംഗ് ആരംഭിച്ച ഡല്‍ഹി 18.2 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തിലാണ് ലക്ഷ്യം മറികടന്നത്. 17 പന്തില്‍ 32 റണ്‍സ് നേടിയ പൃഥ്വി ഷായെ അര്‍ഷ്ദീപ് സിംഗ് പുറത്താക്കുമ്പോള്‍ ഡല്‍ഹി ഒന്നാം വിക്കറ്റില്‍ 5.3 ഓവറില്‍ 59 റണ്‍സാണ് നേടിയത്.
സ്മിത്തിന്റെ വിക്കറ്റ് നഷ്ടമാകുമ്പോള്‍ 107 റണ്‍സാണ് 11 ഓവറില്‍ ഡല്‍ഹി നേടിയത്. സ്മിത്ത് വെറും 9 റണ്‍സ് നേടിയപ്പോള്‍ 48 റണ്‍സ് കൂട്ടുകെട്ടില്‍ ഭൂരിഭാഗം സ്കോറിംഗും ശിഖര്‍ ധവാന്റെ വകയായിരുന്നു. തന്റെ ശതകത്തിന് 8 റണ്‍സ് അകലെ ധവാന്റെ വിക്കറ്റ് ഡല്‍ഹിയ്ക്ക് നഷ്ടമാകുകയായിരുന്നു. 49 പന്തില്‍ 92 റണ്‍സ് നേടിയ ധവാന് 13 ബൗണ്ടറിയും രണ്ട് സിക്സുമാണ് നേടിയത്.
പന്തും ധവാനും ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ 45 റണ്‍സാണ് നേടിയത്. ജൈ റിച്ചാര്‍ഡ്സണാണ് ധവാന്റെ വിക്കറ്റ്. മുഹമ്മദ് ഷമി എറിഞ്ഞ 17ാം ഓവറില്‍ രണ്ട് ഫോറും ഒരു സിക്സും നേടി സ്റ്റോയിനിസിന്റെ മികവില്‍ ഡല്‍ഹി 20 റണ്‍സ് നേടിയതോടെ മത്സരം പഞ്ചാബ് കൈവിടുന്ന സാഹചര്യം ഉണ്ടായി. തൊട്ടടുത്ത ഓവറില്‍ ജൈ റിച്ചാര്ഡ്സണ് 15 റണ്‍സ് നേടിയ ഋഷഭ് പന്തിനെ പുറത്താക്കിയെങ്കിലും സ്റ്റോയിനിസും ലളിത് യാദവും ലക്ഷ്യം 12 പന്തില്‍ 8 റണ്‍സാക്കി മാറ്റി.
സ്റ്റോയിനിസ് 13 പന്തില്‍ 27 റണ്‍സും ലളിത് യാദവ് 6 പന്തില്‍ 12 റണ്‍സും നേടി വിജയ സമയത്ത് ഡല്‍ഹിയ്ക്കായി ക്രീസിലുണ്ടായിരുന്നു.