പഞ്ചാബ് കിംഗ്സിനോട് ഏറ്റ് 4 റണ്‍സിന്റെ തോല്‍വിയ്ക്ക് ശേഷം തന്റെ ടീമിലെ യുവതാരങ്ങളെ പ്രശംസ കൊണ്ട് മൂടി രാജസ്ഥാന്‍ റോയല്‍സ് ക്രിക്കറ്റ് ഓപ്പറേഷന്‍സ് ഡയറക്ടര്‍ കുമാര്‍ സംഗക്കാര. 222 റണ്‍സെന്ന കൂറ്റന്‍ സ്കോര്‍ ചേസ് ചെയ്തിറങ്ങിയ രാജസ്ഥാന് വേണ്ടി സഞ്ജു സാംസണ്‍ 63 പന്തില്‍ 119 റണ്‍സുമായി ഒരു വശത്ത് പൊരുതി നിന്നപ്പോള്‍ ശിവം ഡുബേ(13 പന്തില്‍ 25), റിയാന്‍ പരാഗ്(11 പന്തില്‍ 25) എന്നിവരും നിര്‍ണ്ണായക സംഭാവനകളാണ് നല്‍കിയത്.
ഇതില്‍ റിയാന്‍ പരാഗും സഞ്ജുവും ചേര്‍ന്നുള്ള 52 റണ്‍സ് കൂട്ടുകെട്ട് മത്സരം രാജസ്ഥാന്റെ പക്ഷത്തേക്ക് മറിക്കുമെന്ന തോന്നിപ്പിച്ച നിമിഷത്തിലാണ് ഷമിയുടെ ഓവറില്‍ റിയാന്‍ പരാഗ് പുറത്തായത്. താരം തന്റെ അമര്‍ഷം ട്വിറ്ററിലൂടെ പങ്ക് വെച്ചത് ഇപ്രകാരം ആയിരുന്നു.
താരം പിന്നീട് ട്വീറ്റ് ഡിലീറ്റ് ചെയ്യുകയായിരുന്നു. എന്നാല്‍ താരത്തിന്റെ പ്രകടനം മികച്ചതായിരുന്നുവെന്നാണ് സംഗക്കാര പറയുന്നത്. റിയാന്‍ പരാഗ് ഒരു സ്പെഷ്യല്‍ താരം ആണെന്നും മികച്ച ഹാന്‍ഡ് സ്പീഡ് കോ ഓര്‍ഡിനേഷനുള്ള താരമാണെന്നും പരിചയസമ്പത്തുള്ള ഷമി എടുത്ത റിസ്ക് ഫലം കാണുകയായിരുന്നുവെന്നും തനിക്ക് റിയാന്‍ തന്റെ സ്വതസിദ്ധമായ ശൈലിയില്‍ സ്വാതന്ത്ര്യത്തോടെ കളിച്ചത് കണ്ടപ്പോള്‍ ഏറെ സന്തോഷം തോന്നിയെന്നും സംഗക്കാര പറഞ്ഞു.
ചേതന്‍ സക്കറിയ ആണ് തന്റെ മനസ്സ് കീഴടക്കിയ മറ്റൊരു താരമെന്നും സംഗക്കാര കൂട്ടിചേര്‍ത്തു. തന്റെ ആദ്യ ഐപിഎല്‍ മത്സരത്തില്‍ പവര്‍പ്ലേയില്‍ 11 റണ്‍സിന് ഒരു വിക്കറ്റ് നേടിയ താരം ഡെത്ത് ഓവറുകളിലും നിര്‍ണ്ണായക വിക്കറ്റുകള്‍ നേടി. അവസാന ഓവറില്‍ 5 റണ്‍സ് മാത്രം വിട്ട് നല്‍കി രണ്ട് വിക്കറ്റാണ് സക്കറിയ നേടിയത്.
സക്കറിയയെ സ്ഥിരം ഡെത്ത് ബൗളര്‍ എന്ന നിലയില്‍ പരിഗണിക്കാവുന്നതാണെന്നും സംഗക്കാര്‍ പറഞ്ഞു. ഇത്രയും ഉയര്‍ന്ന സ്കോര്‍ പിറന്ന മത്സരത്തില്‍ കണിശതയോടെ പന്തെറിയുക എന്നത് വളരെ കഴിവുള്ള കാര്യമാണെന്നും താരം മികച്ചൊരു ക്യാച്ച് പൂര്‍ത്തിയാക്കുകയും ചെയ്തുവെന്നത് അരങ്ങേറ്റം ഉജ്ജ്വലമാക്കിയെന്നും സംഗക്കാര വ്യക്തമാക്കി. മത്സരത്തിലുടനീളം സമ്മര്‍ദ്ദമില്ലാതെ ചിരിച്ച് കൊണ്ടാണ് താരം കളത്തിലിറങ്ങിയതെന്നും സംഗക്കാര വ്യക്തമാക്കി.