രാഹുല്‍ ത്രിപാഠിയും നിതീഷ് റാണയും വെടിക്കെട്ട് ബാറ്റിംഗ് പ്രകടനം ടോപ് ഓര്‍ഡറില്‍ പുറത്തെടുത്തുവെങ്കിലും ഇന്നിംഗ്സിന്റെ അവസാനത്തോടെ തുടരെ വിക്കറ്റുകള്‍ നഷ്ടമായതോടെ താളം തെറ്റി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ബാറ്റിംഗ്. 200ന് മേലെ റണ്‍സിലേക്ക് ടീം നീങ്ങുമെന്ന നിലയില്‍ നിന്ന് വിക്കറ്റുകളുമായി സണ്‍റൈസേഴ്സ് ബൗളര്‍മാര്‍ മത്സരത്തില്‍ ശക്തമായ തിരിച്ചുവരവ് നടത്തുകയായിരുന്നു.
ഏഴോവറില്‍ 53 റണ്‍സ് നേടിയ ഓപ്പണിംഗ് കൂട്ടുകെട്ടില്‍ ശുഭ്മന്‍ ഗില്ലിനെ(15) കൊല്‍ക്കത്തയ്ക്ക് നഷ്ടമായ ശേഷം പിന്നീട് കണ്ടത് ത്രിപാഠിയും നിതീഷ് റാണയും ചേര്‍ന്ന് സണ്‍റൈസേഴ്സ് ബൗളര്‍മാരെ അതിര്‍ത്തി കടത്തുന്നതായിരുന്നു. ത്രിപാഠി 29 പന്തില്‍ 53 റണ്‍സ് നേടി പുറത്തായപ്പോള്‍ രണ്ടാം വിക്കറ്റില്‍ ഈ കൂട്ടുകെട്ട് 93 റണ്‍സാണ് നേടിയത്. ത്രിപാഠിയുടെ വിക്കറ്റ് നടരാജന്‍ വീഴ്ത്തിയപ്പോള്‍ തൊട്ടടുത്ത ഓവറില്‍ റഷീദ് ഖാന്‍ ആന്‍ഡ്രേ റസ്സലിനെ വീഴ്ത്തി.
ഓയിന്‍ മോര്‍ഗനെയും നിതീഷ് റാണയെയും ഒരേ ഓവറില്‍ പുറത്താക്കി മുഹമ്മദ് നബിയും വിക്കറ്റ് പട്ടികയില്‍ ഇടം പിടിച്ചപ്പോള്‍ 146/1 എന്ന നിലയില്‍ നിന്ന് കൊല്‍ക്കത്ത 160/5 എന്ന നിലയിലേക്കായി. അവസാന ഓവറുകളില്‍ ദിനേശ് കാര്‍ത്തിക്ക് തകര്‍ത്തടിച്ചാണ് കൊല്‍ക്കത്തയെ 187 റണ്‍സിലേക്ക് എത്തിച്ചത്. ആറ് വിക്കറ്റാണ് ടീമിന് നഷ്ടമായത്. ദിനേശ് കാര്‍ത്തിക് 9 പന്തില്‍ 22 റണ്‍സുമായി പുറത്താകാതെ നിന്നു.
അവസാന 5 ഓവറില്‍ അധികം റണ്‍സ് പിറക്കാതെ ഇരുന്നപ്പോള്‍ ഭുവനേശ്വര്‍ കുമാര്‍ എറിഞ്ഞ അവസാന ഓവറില്‍ പിറന്ന 16 റണ്‍സാണ് 187 എന്ന സ്കോറിലേക്ക് കൊല്‍ക്കത്തയെ എത്തിച്ചത്. സണ്‍റൈസേഴ്സിന് വേണ്ടി അഫ്ഗാന്‍ താരങ്ങളായ റഷീദ് ഖാനും മുഹമ്മദ് നബിയും രണ്ട് വീതം വിക്കറ്റ് നേടി.