ദക്ഷിണാഫ്രിക്കയ്ക്കെതിരെ ആദ്യ ഏകദിനത്തില്‍ കനത്ത പരാജയം ഏറ്റുവാങ്ങിയ ഇന്ത്യയ്ക്ക് ടീമെന്ന നിലയില്‍ അല്പം കൂടി സമയം ചെലവഴിക്കുവാന്‍ ആയാല്‍ മികച്ച പ്രകടനം പുറത്തെടുക്കുവാന്‍ സാധിക്കുമെന്ന് പറഞ്ഞ് ഹര്‍മ്മന്‍പ്രീത് കൗര്‍. ഏറെ നാളിന് ശേഷം കളത്തിലിറങ്ങിയതിനാല്‍ ആദ്യ മത്സരത്തിലെ തോല്‍വി അത്ര കാര്യമാക്കേണ്ടതില്ലെന്നാണ് ഇന്ത്യയുടെ വൈസ് ക്യാപ്റ്റന്‍ കൂടിയായ താരം പറഞ്ഞത്.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 177/9 എന്ന സ്കോര്‍ നേടിയപ്പോള്‍ 40.1 ഓവറില്‍ ദക്ഷിണാഫ്രിക്ക എട്ട് വിക്കറ്റ് വിജയം നേടുകയായിരുന്നു. ഏറെ നാളിന് ശേഷം കളത്തിലിറങ്ങുമ്പോള്‍ ഇത്തരത്തിലുള്ള തകര്‍ച്ച സ്വാഭാവികമാണെന്നാണ് ഹര്‍മ്മന്‍പ്രീത് കൗര്‍ വ്യക്തമാക്കിത്. അവര്‍ മികച്ച രീതിയില്‍ ബൗളിംഗ് നടത്തിയെങ്കിലും ഇന്ത്യ തങ്ങളുടെ വിക്കറ്റുകള്‍ വലിച്ചെറിയുകയും ചെയ്തുവെന്ന് കൗര്‍ പറഞ്ഞു.
അടുത്ത മത്സരം മുതല്‍ ഇത്തരം കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തി ടീം പാര്‍ട്ണര്‍ഷിപ്പ് സൃഷ്ടിക്കുവാന്‍ ശ്രമിക്കുമെന്നും കൗര്‍ അഭിപ്രായപ്പെട്ടു. ഏകദിനം പോലുള്ള ഫോര്‍മാറ്റുകളില്‍ ദൈര്‍ഘ്യമേറിയ പാര്‍ട്ണര്‍ഷിപ്പുകള്‍ ഏറെ അനിവാര്യമാണെന്നും കൗര്‍ സൂചിപ്പിച്ചു.
ഒരു വര്‍ഷത്തേക്ക് അന്താരാഷ്ട്ര ക്രിക്കറ്റ് ഇന്ത്യന്‍ വനിതകള്‍ക്ക് ഇല്ലായിരുന്നുവെന്നും ഐപിഎലിലെ മൂന്ന് മത്സരങ്ങളിലാണ് വനിത അംഗങ്ങള്‍ പങ്കെടുത്തതെന്നും കൗര്‍ വ്യക്തമാക്കി. ഒരു ടീമെന്ന നിലയില്‍ ഇന്ത്യയ്ക്ക് ഒപ്പം ചെലവഴിക്കുവാന്‍ അധികം സമയം ലഭിക്കാത്തതാണ് ആദ്യ മത്സരത്തിലെ തിരിച്ചടിക്ക് കാരണമെന്നും കൗര്‍ വ്യക്തമാക്കി.