മുംബൈയില്‍ ഐപിഎല്‍ മത്സരങ്ങള്‍ നടത്തുവാനുള്ള എല്ലാ സര്‍ക്കാര്‍ സഹായങ്ങളും നല്‍കുമെന്ന് അറിയിച്ച് ശരദ് പവാര്‍

Sports Correspondent

ഐപിഎല്‍ വേദിയില്‍ മുംബൈ വരുമോ ഇല്ലയോ എന്നതില്‍ അവ്യക്തത നിലനില്‍ക്കുമ്പോളും സര്‍ക്കാരിന്റെ വക മുഴുവന്‍ സഹകരണം ഇവിടെ മത്സരങ്ങള്‍ നടത്താന്‍ ഉണ്ടാകുമെന്ന് അറിയിച്ച് ശരദ് പവാര്‍. ബിസിസിഐ ആക്ടിംഗ് സിഇഒ ഹോമംഗ് അമിന്‍, ഐപിഎല്‍ ചെയര്‍മാന്‍ ബ്രിജേഷ് പട്ടേല്‍, ചില മുംബൈ ക്രിക്കറ്റ് അസോസ്സിയേഷന്‍ ഭാരവാഹികള്‍ ശരദ് പവാറുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് സര്‍ക്കാര്‍ വക പിന്തുണയുണ്ടാകുമെന്ന് പവാര്‍ ഇവരെ അറിയിച്ചത്.

മുംബൈയിലെ സാഹചര്യം മോശമാണെങ്കിലും ഐപിഎല്‍ വേദികളായി ബിസിസിഐ നിശ്ചയിച്ച ആറ് കേന്ദ്രങ്ങളില്‍ ഒന്ന് മുംബൈ ആണ്. കൊല്‍ക്കത്ത, അഹമ്മദാബാദ്, ചെന്നൈ, ബാംഗ്ലൂര്‍, ഡല്‍ഹി എന്നിവയാണ് മറ്റു വേദികളായി ബിസിസിഐ പരിഗണിക്കുന്നത്.

ഒരു മാസത്തിനുടത്ത് സമയം മാത്രമാണ് ഐപിഎല്‍ മത്സരങ്ങള്‍ ആരംഭിക്കുവാന്‍ അവശേഷിക്കുന്നത്. 50 ശതമാനം കാണികളെ അനുവദിച്ച് മാത്രമാവും മത്സരങ്ങള്‍ ഇത്തവണ നടത്തുകയെന്നാണ് ലഭിയ്ക്കുന്ന വിവരം. വരും ദിവസങ്ങളില്‍ നടക്കുന്ന ഐപിഎല്‍ ഗവേണിംഗ് കൗണ്‍സില്‍ മീറ്റിംഗിന് ശേഷം മാത്രമാകും ഇതിന്മേലുള്ള കൂടുതല്‍ വിവരം ലഭിയ്ക്കുക.