ന്യൂസിലാണ്ടിനെതിരെ മൂന്നാം ടി20യില്‍ ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയയ്ക്ക് മികച്ച സ്കോര്‍. ആരോണ്‍ ഫിഞ്ച്, ഗ്ലെന്‍ മാക്സ്വെല്‍, ജോഷ് ഫിലിപ്പ് എന്നിവരുടെ ബാറ്റിംഗ് മികവില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ ഓസ്ട്രേലിയ 208 റണ്‍സാണ് നേടിയത്.
മാത്യൂ വെയിഡിനെ തുടക്കത്തില്‍ തന്നെ നഷ്ടമായെങ്കിലും ഫിഞ്ചും ജോഷ് ഫിലിപ്പും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ 83 റണ്‍സ് നേടി ഓസ്ട്രേലിയയെ മുന്നോട്ട് നയിക്കുകയായിരുന്നു. 10 ഓവറില്‍ 89 റണ്‍സിലെത്തി നില്‍ക്കുമ്പോള്‍ ആണ് 43 റണ്‍സ് നേടിയ ജോഷ് ഫിലിപ്പിനെ ഓസ്ട്രേലിയയ്ക്ക് നഷ്ടമായത്.
പിന്നീട് ക്രീസിലെത്തിയ ഗ്ലെന്‍ മാക്സ്വെലും മികച്ച രീതിയില്‍ ബാറ്റ് വീശിയപ്പോള്‍ ഒരു വശത്ത് ഫിഞ്ച് തന്റെ അര്‍ദ്ധ ശതകം നേടി. മൂന്നാം വിക്കറ്റില്‍ 64 റണ്‍സ് നേടി മുന്നേറുകയായിരുന്ന കൂട്ടുകെട്ടിനെ ഇഷ് സോധിയാണ് തകര്‍ത്തത്. 44 പന്തില്‍ 69 റണ്‍സ് നേടിയ ഫിഞ്ചിന്റെ വിക്കറ്റും നേരത്തെ ജോഷ് ഫിലിപ്പിനെയും പുറത്താക്കിയത് ഇഷ് സോധി ആയിരുന്നു.
ഫിഞ്ച് പുറത്തായ ശേഷം മാക്സ്വെല്‍ തന്റെ സ്വതസിദ്ധമായ ശൈലിയില്‍ ബാറ്റ് വീശുന്നതാണ് കണ്ടത്. 25 പന്തില്‍ നിന്ന് തന്റെ അര്‍ദ്ധ ശതകം പൂര്‍ത്തിയാക്കിയ മാക്സ്വെല്‍ ജെയിംസ് നീഷത്തിനെ കണക്കറ്റ് പ്രഹരിക്കുന്ന കാഴ്ചയാണ് കണ്ടത്. നീഷം എറിഞ്ഞ 17ാം ഓവറില്‍ നാല് ഫോറും രണ്ട് സിക്സും അടക്കം 28 റണ്‍സാണ് മാക്സ്വെല്‍ നേടിയത്.
31 പന്തില്‍ നിന്ന് 70 റണ്‍സാണ് ഗ്ലെന്‍ മാക്സ്വെല്‍ നേടിയത്. 5 സിക്സും 8 ഫോറും ഇന്നിംഗ്സിലുണ്ടായിരുന്നു. ഇഷ് സാധി രണ്ട് വിക്കറ്റ് നേടിയപ്പോള്‍ ടിം സൗത്തിയും ട്രെന്റ് ബോള്‍ട്ടും ഓരോ വിക്കറ്റ് നേടി.