ഹാട്രിക്ക് തിളക്കത്തിൽ ബിപിൻ, ഒഡീഷയുടെ വലനിറച്ച് മുംബൈ സിറ്റി, മോഹൻ ബഗാനെ തോൽപ്പിച്ചാൽ ഒന്നാം സ്ഥാനം

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഐ എസ് എല്ലിൽ ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്ത് ലീഗ് കിരീടം നേടാമെന്നുള്ള മുംബൈ സിറ്റിയുടെ പ്രതീക്ഷ നിലനിർത്തി കൊണ്ട് ഒരു വിജയം കൂടെ ലൊബേരയുടെ ടീം നേടി. ഇന്ന് നടന്ന മത്സരത്തിൽ ഒഡീഷയുടെ വലനിറച്ചു കൊണ്ടാണ് മുംബൈ സിറ്റി വിജയിച്ചത്. തുടക്കത്തിൽ ഒരു ഗോളിന് പിറകിൽ പോയ മുംബൈ സിറ്റി ഒന്നിനെതിരെ ആറു ഗോളുകളുടെ വിജയമാണ് നേടിയത്‌. ഇന്ത്യൻ യുവതാരം ബിപിൻ സിങ്ങിന്റെ ഹാട്രിക്കാണ് മുംബൈ സിറ്റിക്ക് ഈ വലിയ വിജയം നൽകിയത്

ആദ്യ പകുതിയിൽ ഒമ്പതാം മിനുട്ടിൽ ഒരു പെനാൾട്ടിയിൽ നിന്നായിരുന്നു ഒഡീഷഗുടെ ഗോൾ. മൗറീസിയോ ആണ് പെനാൾട്ടി ലക്ഷ്യത്തിൽ എത്തിച്ചത്. എന്നാൽ ഈ ഗോൾ മുംബൈ സിറ്റിക്ക് ഒരു സമ്മർദ്ദവും നൽകിയില്ല. അവർ നിമിഷങ്ങൾ കൊണ്ട് സമനില പിടിച്ചു. 14ആം മിനുട്ടിൽ ജാഹുവിന്റെ ഫ്രീകിക്കിൽ നിന്ന് ഒഗ്ബെചെയുടെ ഹെഡർ ആണ് മുംബൈക്ക് സമനില നൽകിയത്. 38ആം മിനുട്ടിൽ ബിപിൻ സിംഗ് മുംബൈക്ക് ലീഡും നൽകി.

ആദ്യ പകുതി അവസാനിക്കും മുമ്പ് രണ്ട് ഗോളുകൾ കൂടെ നേടാൻ മുംബൈ സിറ്റിക്ക് ആയി. 43ആം മിനുട്ടിൽ വീണ്ടുമൊരു ജാഹു ഫ്രീകിക്കിൽ നിന്ന് വീണ്ടുമൊരു ഒഗ്ബെചെ ഹെഡർ. പിന്നാലെ ഗൊഡാർഡിന്റെ ഗംഭീര ഫിനിഷിലൂടെ നാലാം ഗോളും. രണ്ടാം പകുതിയിലും മുംബൈ സിറ്റി അറ്റാക്ക് തുടർന്നു. 47ആം മിനുട്ടിൽ ഒഗ്ബെചെയുടെ പാസിൽ നിന്ന് ബിപിൻ തന്റെ രണ്ടാം ഗോൾ കണ്ടെത്തി. ഇതിനു ശേഷം 84ആം മിനുട്ടിൽ മുംബൈ സിറ്റിക്ക് ഒരു പെനാൾട്ടി ലഭിച്ചു എങ്കിലും ഫിനിഷ് ചെയ്യാൻ ജാഹുവിനായില്ല. 87ആം മിനുട്ടിൽ ആയിരുന്നു ബിപിൻ ഹാട്രിക്ക് തികച്ചത്. ഇതോടെ മുംബൈ ഈ സീസണിലെ അവരുടെ ഏറ്റവും വലിയ വിജയം കുറിച്ചു. ഈ ഐ എസ് എൽ സീസണിലെ ആദ്യ ഹാട്രിക്ക് കൂടിയാണ് ഇന്ന് പിറന്നത്.

ഈ വിജയം മുംബൈ സിറ്റിയെ 37 പോയിന്റിൽ എത്തിച്ചു. 40 പോയിന്റുമായി മോഹൻ ബഗാൻ ആണ് ലീഗിൽ ഒന്നാമത് ഉള്ളത്. ഇനി അവസാന മത്സരത്തിൽ ഈ രണ്ടു ടീമുകളുമാണ് നേർക്കുനേർ വരേണ്ടത്. അന്ന് വിജയിച്ചാൽ ഹെഡ് ടു ഹെഡിന്റെ ബലത്തിൽ മുംബൈ സിറ്റി ലീഗ് ചാമ്പ്യനായി മാറും.