റെയില്‍വേസിനെതിരെ കേരളത്തിന്റെ തകര്‍പ്പന്‍ ബാറ്റിംഗ് പ്രകടനം. ഇന്ന് വിജയ് ഹസാരെ ട്രോഫിയില്‍ തങ്ങളുടെ മൂന്നാം മത്സരത്തില്‍ കേരളം ആദ്യം ബാറ്റ് ചെയ്ത് 50 ഓവറില്‍ 351 റണ്‍സാണ് നേടിയത്. ഓപ്പണര്‍മാരായ റോബിന് ഉത്തപ്പയും(100) വിഷ്ണു വിനോദും(107) ശതകം നേടിയപ്പോള്‍ സഞ്ജു സാംസണ് തന്റെ സ്വതസിദ്ധമായ ശൈലിയില്‍ ബാറ്റ് വീശിയപ്പോള്‍ കേരളം റെയില്‍വേസിനെതിരെ റണ്‍ മല സൃഷ്ടിക്കുകയായിരുന്നു.
ഒന്നാം വിക്കറ്റില്‍ 193 റണ്‍സാണ് ഉത്തപ്പയും വിഷ്ണു വിനോദും നേടിയതെങ്കില്‍ ഉത്തപ്പ പുറത്തായ ശേഷം ക്രീസിലെത്തിയ സഞ്ജു അതിവേഗം സ്കോറിംഗ് ആരംഭിച്ചപ്പോള്‍ രണ്ടാം വിക്കറ്റില്‍ 70 റണ്‍സാണ് വിഷ്ണു വിനോദും സഞ്ജുവും നേടിയത്. ഭൂരിഭാഗം സ്കോറിംഗും സഞ്ജു സാംസണ് ആണ് നടത്തിയത്.
25 പന്തില്‍ നിന്ന് തന്റെ അര്‍ദ്ധ ശതകം പൂര്‍ത്തിയാക്കിയ സഞ്ജു പുറത്താകുമ്പോള്‍ 29 പന്തില്‍ നിന്ന് 61 റണ്‍സാണ്. സച്ചിന് ബേബിയെയും സഞ്ജു സാംസണെയും ഒരേ ഓവറില്‍ പുറത്താക്കി പ്രദീപ് പൂജാര്‍ ആണ് കേരളത്തിന്റെ കുതിപ്പിന് തടയിട്ടത്. അടുത്തടുത്ത പന്തുകളില്‍ ആണ് ഇരുവരെയും കേരളത്തിന് നഷ്ടമായത്.
അവസാന പത്തോവറില്‍ തുടരെ വിക്കറ്റുകള്‍ വീണതോടെ കേരളത്തിന്റെ സ്കോറിംഗിന് തടയിടുവാന്‍ റെയില്‍വേസിന് സാധിച്ചു. വത്സല്‍ ഗോവിന്ദ് 34 പന്തില്‍ നിന്ന് 46 റണ്‍സ് നേടി കേരളത്തെ 6 വിക്കറ്റ് നഷ്ടത്തില്‍ 351 റണ്‍സിലേക്ക് നയിക്കുകയായിരുന്നു.അവസാന നാലോവറില്‍ വത്സല്‍ ഗോവിന്ദും ജലജ് സക്സേനയും ചേര്‍ന്ന് 53 റണ്‍സാണ് നേടിയത്.
ജലജ് സക്സേന പുറത്താകാതെ 13 റണ്‍സ് നേടി ക്രീസില്‍ നിന്നു.