റോബിന്‍ ഉത്തപ്പയുടെ ശതകം, മഴ നിയമത്തില്‍ കേരളത്തിന് ഒഡീഷയ്ക്കെതിരെ വിജയം

Sports Correspondent

ഒഡീഷയ്ക്കെതിരെ മഴനിയമത്തിലൂടെ ജയവുമായി കേരളം. ഇന്ന് ആദ്യം ബാറ്റ് ചെയ്ത ഒഡീഷ 45 ഓവറില്‍ നിന്ന് 258/8 എന്ന സ്കോര്‍ നേടിയപ്പോള്‍ ലക്ഷ്യം 4 വിക്കറ്റ് നഷ്ടത്തില്‍ 38.2 ഓവറില്‍ 233 റണ്‍സിലെത്തി നില്‍ക്കുമ്പോള്‍ തടസ്സമായി മഴയെത്തിയത്. പിന്നീട് വി ജയദേവന്‍ രീതിയില്‍ കേരളത്തിന് 34 റണ്‍സ് വിജയം സ്വന്തമാക്കാനാകുകയായിരുന്നു.

റോബിന്‍ ഉത്തപ്പയും വിഷ്ണു വിനോദും ചേര്‍ന്ന് കേരളത്തിനെ 61 റണ്‍സിലേക്ക് നയിച്ചുവെങ്കിലും വിഷ്ണു വിനോദിനെ പുറത്താക്കി സൗരഭ് കനോജിയ കേരളത്തിന് ആദ്യ പ്രഹരം നല്‍കി.

അധികം വൈകാതെ സഞ്ജു സാംസണെയും നഷ്ടമായപ്പോള്‍ കേരളം 10.1 ഓവറില്‍ 71/2 എന്ന നിലയിലേക്ക് വീണു. പിന്നീട് ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയോടൊപ്പം 103 റണ്‍സ് കൂട്ടുകെട്ട് നേടി റോബിന്‍ ഉത്തപ്പ കേരളത്തെ അനായാസ ജയത്തിലേക്ക് നയിക്കുമെന്ന് തോന്നിപ്പിച്ചപ്പോളാണ് സൗരവ് കനോജിയ 40 റണ്‍സ് നേടിയ സച്ചിന്‍ ബേബിയെ പുറത്താക്കിയത്. കനോജിയയ്ക്ക് തന്നെയായിരുന്നു സഞ്ജുവിന്റെയും വിക്കറ്റ്.

തന്റെ ശതകം പൂര്‍ത്തിയാക്കി അധികം വൈകുന്നതിന് മുമ്പ് ഉത്തപ്പയെ(107) കേരളത്തിന് നഷ്ടമാകുമ്പോള്‍ സ്കോര്‍ ബോര്‍ഡില്‍ 189 റണ്‍സായിരുന്നു. പിന്നീട് അഞ്ചാം വിക്കറ്റില്‍ വത്സല്‍ ഗോവിന്ദും മുഹമ്മദ് അസ്ഹറുദ്ദീനും ചേര്‍ന്ന് 44 റണ്‍സുമായി കേരളത്തെ മുന്നോട്ട് നയിക്കുകയായിരുന്നു.

വത്സല്‍ ഗോവിന്ദ് 29 റണ്‍സും മുഹമ്മദ് അസ്ഹറുദ്ദീന്‍ 23 റണ്‍സും നേടിയാണ് മഴ തടസ്സം സൃഷ്ടിക്കുമ്പോള്‍ ക്രീസിലുണ്ടായിരുന്നത്.