വലൻസിയയെ തറപറ്റിച്ച് ലാ ലീഗയിൽ ബാഴ്സലോണയെ മറികടന്ന് രണ്ടാം സ്ഥാനത്തെത്തി റയൽ മാഡ്രിഡ്. ആദ്യ പകുതിയിൽ കരീം ബെൻസേമ, ടോണി ക്രൂസ് എന്നിവരുടെ ഗോളിന്റെ പിൻബലത്തിലാണ് റയൽ മാഡ്രിഡ് ജയം സ്വന്തമാക്കിയത്. അതെ സമയം മത്സരത്തിൽ ജയം സ്വന്തമാക്കിയെങ്കിലും പ്രതിരോധ താരം കാർവഹലിനേറ്റ പരിക്ക് റയൽ മാഡ്രിഡ് ജയത്തിന്റെ തിളക്കം കുറച്ചു. മത്സരത്തിന്റെ 25ആം മിനുട്ടിൽ താരം പരിക്കേറ്റ് പുറത്തുപോവുകയായിരുന്നു. ആറ് ആഴ്ചയോളം പരിക്കേറ്റ് പുറത്തുനിന്നതിന് ശേഷമാണ് കാർവഹാൾ വലൻസിയെ നേരിടാൻ ഇറങ്ങിയത്.
നിലവിൽ റയൽ മാഡ്രിഡ് നിരയിൽ സെർജിയോ റാമോസ്, എഡർ മിലിറ്റോ, ഏദൻ ഹസാർഡ്,അൽവാരോ ഓഡ്രിസോളാ,റോഡ്റിഗോ, ഫെഡറികോ വാൽവെർദെ, മാഴ്സെലോ എന്നിവർ പരിക്കേറ്റ് പുറത്താണ്. 23 മത്സരങ്ങളിൽ നിന്ന് 49 പോയിന്റുമായാണ് റയൽ മാഡ്രിഡ് ഒന്നാം സ്ഥാനത്ത് എത്തിയത്. 21 മത്സരങ്ങൾ മാത്രം കളിച്ച അത്ലറ്റികോ മാഡ്രിഡ് 54 പോയിന്റുമായി ലീഗിൽ ഒന്നാം സ്ഥാനത്താണ്. 22 മത്സരങ്ങളിൽ നിന്ന് 46 പോയിന്റുമായി ബാഴ്സലോണയാണ് ലാ ലീഗയിൽ മൂന്നാം സ്ഥാനത്ത്.