മുൻ ഫ്രാൻസ് ദേശീയ ടീം പരിശീലകൻ റെയ്മൻ ഡൊമനികിന്റെ പരിശീലക സ്ഥാനത്തേക്കുള്ള തിരിച്ചുവരവ് രണ്ട് മാസം തികയും മുമ്പ് അവസാനിച്ചു. 10 വർഷങ്ങൾക്ക് ശേഷം വീണ്ടും പരിശീലക വേഷത്തിൽ ഡൊമനിക് എത്തിയത് ഡിസംബർ അവസാനമായിരുന്നു. ഫ്രഞ്ച് ക്ലവായ നാന്റെസിന്റെ പരിശീലകനായാണ് ഡൊമനിക് എത്തിയത്. പക്ഷെ ഒരു മത്സരം പോലും ഇതുവരെ വിജയിക്കാൻ ആവാത്തതോടെയാണ് അദ്ദേഹത്തെ പരിശീലക സ്ഥാനത്ത് നിന്ന് മാറ്റാൻ നാന്റെസ് തീരുമാനിച്ചത്.
2010ൽ ഫ്രാൻസ് പരിശീലക സ്ഥാനം വിട്ട ശേഷം ഇത്രകാലം ഒരു ടീമിനെയും ഡൊമനിക് പരിശീലിപ്പിച്ചിരുന്നില്ല. അങ്ങനെ ഒരാളെ പരിശീലകനായി എത്തിച്ചതിൽ ആരാധകർ വലിയ എതിർപ്പ് ഉയർത്തിയിരുന്നു. ഡൊമനികിന് പകരം മുൻ നാന്റസ് താരം അന്റൊയിനെ ആകും ഇനി നാന്റെസിനെ പരിശീലിപ്പിക്കുക.
2004 മുതൽ 2010 വരെ ആയിരുന്നു ഡൊമനിക് ഫ്രാൻസിനെ പരിശീലിപ്പിച്ചിരുന്നത്. 2006 ലോകകപ്പിൽ കിരീടത്തിന് തൊട്ടടുത്ത് വരെ ഫ്രാൻസിനെ എത്തിക്കാനും അദ്ദേത്തിനായിരുന്നു. മുമ്പ് ലിയോണിന്റെ പരിശീലകനായും ഡൊമനിക് പ്രവർത്തിച്ചിട്ടുണ്ട്. ഫ്രാൻസ് ദേശീയ ടീമിനായി കളിച്ചിട്ടുള്ള താരം കൂടിയാണ് അദ്ദേഹം.