ഓപ്പണറായി കളിച്ച് വന്നത് ഏറെ ഗുണം ചെയ്തു – വാഷിംഗ്ടണ്‍ സുന്ദര്‍

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ത്യയ്ക്ക് വേണ്ടി ബ്രിസ്ബെയിനിലെ അരങ്ങേറ്റ ടെസ്റ്റില്‍ നിര്‍ണ്ണായക പ്രകടനം പുറത്തെടുത്ത താരങ്ങളില്‍ ഒരാളാണ് തമിഴ്നാട് സ്വദേശിയായ 21 വയസ്സുകാരന്‍ ഓള്‍റൗണ്ടര്‍ വാഷിംഗ്ടണ്‍ സുന്ദര്‍. ബാറ്റ് കൊണ്ടും ബോളു കൊണ്ടും നിര്‍ണ്ണായക പ്രകടനം പുറത്തെടുത്ത വാഷിംഗ്ടണ്‍ സുന്ദര്‍ നാല് വിക്കറ്റും ബാറ്റിംഗില്‍ ഏഴാം നമ്പറില്‍ ശ്രദ്ധേയമായ ചെറുത്തുനില്പും പുറത്തെടുത്തിരുന്നു.

തമിഴ്നാടിന് വേണ്ടി ഓപ്പണ്‍ ചെയ്ത് പരിചയമുള്ളത് തനിക്ക് വളരെ ഗുണം ചെയ്തിട്ടുണ്ടെന്നും വാഷിംഗ്ടണ്‍ സുന്ദര്‍ വ്യക്തമാക്കി. ഗാബയിലെ ഓസ്ട്രേലിയന്‍ കോട്ടയിലാണ് താരത്തിന്റെ ഈ പ്രകടനമെന്നതും ശ്രദ്ധേയമായ കാര്യമാണ്.

123 റണ്‍സാണ് മത്സരത്തിന്റെ ആദ്യ ഇന്നിംഗ്സില്‍ താരം ശര്‍ദ്ധുല്‍ താക്കൂറുമായി നേടിയത്. രണ്ടാം ഇന്നിംഗ്സിലാകട്ടെ ഋഷഭ് പന്തുമായി ഓസ്ട്രേലിയന്‍ ന്യൂ ബോളിനെ ആക്രമിച്ച് ചെറുതെങ്കിലും പ്രഭാവമുള്ള ഇന്നിംഗ്സ് താരം പുറത്തെടുക്കുകയായിരുന്നു.

ടോപ് ഓര്‍ഡറില്‍ ചെറുപ്പം മുതല്‍ കളിച്ച് വന്നതിനാല്‍ തന്നെ ന്യൂ ബോളിനെ തനിക്ക് പ്രതിരോധിക്കുവാന്‍ സാധിച്ചുവെന്നാണ് വാഷിംഗ്ടണ്‍ സുന്ദര്‍ അഭിപ്രായപ്പെട്ടത്. ഈ സാഹചര്യത്തിലെ ബാറ്റിംഗ് താന്‍ ആസ്വദിച്ചുവെന്നും ഇവിടെ റണ്‍സ് കണ്ടെത്താനായതില്‍ സന്തോഷമുണ്ടെന്നും വാഷിംഗ്ടണ്‍ സുന്ദര്‍ സൂചിപ്പിച്ചു.

ബാറ്റിംഗില്‍ ഇന്ത്യയ്ക്കായി എന്നെങ്കിലും ഓപ്പണ്‍ ചെയ്യുവാന്‍ സാധിച്ചാല്‍ അത് വലിയൊരു ഭാഗ്യമായി താന്‍ കരുതുമെന്നും വാഷിംഗ്ടണ്‍ സുന്ദര്‍ അഭിപ്രായപ്പെട്ടു.