മൂന്ന് പോയിന്റ് സ്വന്തമാക്കാൻ കഴിയാത്തതിൽ വിഷമം ഉണ്ട് എന്ന് കിബു

Newsroom

ഇന്നലെ ഈസ്റ്റ് ബംഗാളിന് എതിരായ മത്സരത്തിൽ മൂന്ന് പോയിന്റ് നേടാൻ ആയില്ല എന്നതിൽ സങ്കടം ഉണ്ട് എന്ന് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ കിബു വികൂന. ഇന്നലെ അവസാന നിമിഷത്തിൽ വഴങ്ങിയ ഗോളായിരുന്നു കേരള ബ്ലാസ്റ്റേഴ്സിന് പ്രശ്നമായി മാറിയത്. മൂന്ന് പോയിന്റ് ഏതാണ്ട് കയ്യിൽ വന്നതായിരുന്നു എന്നും അത് നഷ്ടമായത് ഉൾകൊള്ളാൻ പ്രയാസമുണ്ട് എന്നും മത്സര ശേഷം കിബു പറഞ്ഞു.

മത്സരത്തിൽ പന്ത് കൂടുതൽ കൈവശം വെച്ചത് ഈസ്റ്റ് ബംഗാൾ ആണ് എങ്കിലും അവസരങ്ങൾ സൃഷ്ടിച്ചത് കേരള ബ്ലാസ്റ്റേഴ്സ് ആണ് എന്ന് കിബു പറഞ്ഞു. കൂടുതൽ ഗോളുകൾ നേടാമായിരുന്നും എന്നും അദ്ദേഹം പറഞ്ഞു. അവസാന നിമിഷം ഗോൾ വഴങ്ങി എങ്കിലും കേരള ബ്ലാസ്റ്റേഴ്സ് ഡിഫൻസിന്റെ പ്രകടനത്തിൽ തൃപ്തി ഉണ്ട് എന്നും കിബു പറഞ്ഞു. വിജയങ്ങൾ നേടി ടേബിളിൽ മുന്നോട്ട് പോവുക ആയിരുന്നു ആഗ്രഹം എന്നും അത് നടക്കാത്തതിൽ നിരാശ ഉണ്ട് എന്നും അദ്ദേഹം സൂചിപ്പിച്ചു.