ബയേൺ മ്യൂണിക്ക് പ്രതിരോധ താരം ഡേവിഡ് അലാബയെ റാഞ്ചാൻ റയൽ മാഡ്രിഡ് ഒരുങ്ങുന്നു. പതിനൊന്ന് സീസണുകളായി ബയേൺ മ്യൂണിക്കിന്റെ പ്രതിരോധത്തിന്റെ ഭാഗമാണ് അലാബ. രണ്ട് തവണ ട്രെബിൾ നേടിയ അലാബ ബയേണുമായുള്ള കരാർ ചർച്ചകൾ പരാജയപ്പെട്ടതിന് ശേഷമാണ് ക്ലബ്ബ് വിടുന്നത്. 28 കാരനായ അലാബയ്ക്ക് വേണ്ടി ലിവർപൂളും റയൽ മാഡ്രിഡുമാണ് രംഗത്തുള്ളത്. എന്നാൽ പ്രീമിയർ ലീഗിനെ തഴഞ്ഞ് അലാബ തിരഞ്ഞെടുത്തിരിക്കുന്നത് സ്പാനിഷ് ലീഗെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന സൂചനകൾ.
അലാബക്ക് നാല് വർഷത്തെ കരാർ നൽകാൻ റയൽ മാഡ്രിഡ് തയ്യാറായെന്നാണ് സ്പെയിനിൽ നിന്നുമുള്ള റിപ്പോർട്ടുകൾ. അലാബയുടെ ഏജന്റ് പിനി സഹാവിയുമായുള്ള ചർച്ചകൾ പരാജയമായതിനെ തുടർന്നാണ് ബയേണിനെ യൂറോപ്യൻ ചാമ്പ്യന്മാരാക്കുന്നതിൽ പ്രധാനപങ്ക് വഹിച്ച അലാബയെ വിട്ട് നൽകാൻ തയ്യാറായത്. മുൻ പ്രസിഡന്റായ ഉലി ഹോനസ് രൂക്ഷമായ ഭാഷയിലാണ് ഏജന്റിനെ വിമർശിച്ചത്. ക്ലബ്ബ് വിട്ടാലും പോൾ ബ്രെയ്റ്റ്നെർക്കും ബിയെന്റ് ലിസരസുവിനുമൊപ്പം ബയേണിന്റെ എക്കാലത്തെയും മികച്ച ലെഫ്റ്റ് – ബാക്കായി ഡേവിഡ് അലാബ അറിയപ്പെടും.