ഡോർട്മുണ്ടിന്റെ അത്ഭുതബാലൻ യൂസോഫ മൗകോകോ അവതരിച്ചു കഴിഞ്ഞു. ഇന്നലെ യൂണിയൻ ബെർലിന് എതിരായ മത്സരത്തിൽ ഗോൾ നേടിയതോടെ മൗകോകോ ബുണ്ടസ് ലീഗയിൽ പുതു ചരിത്രം കുറിച്ചു. ഏറ്റവും പ്രായം കുറഞ്ഞ ഗോൾ സ്കോറർ. 16 വയസ്സും 28 ദിവസവും മാത്രമാണ് ഇന്നലെ ഗോൾ നേടുമ്പോൾ മൗകോകോയ്ക്ക് ഉണ്ടായിരുന്നത്. കഴിഞ്ഞ ആഴ്ച ലീഗിൽ അരങ്ങേറ്റം നടത്തിയപ്പോൾ ലീഗിൽ അരങ്ങേറ്റം നടത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായും മൗകോകോ മാറിയിരുന്നു.
അവസാന കുറച്ചു വർഷങ്ങളായി ഫുട്ബോൾ ലോകം സ്ഥിരമായി കേൾക്കുന്ന പേരാണ് മൗകോകോ. ഇതുവരെ 16 വയസ്സ് ആവാത്തതിനാൽ സീനിയർ ടീമിനായി കളിക്കാൻ കഴിയാതെ നിൽക്കുക ആയിരുന്നു. ഇപ്പോൾ മൗകോകോയുടെ പ്രകടനങ്ങൾ താരം ഈ പ്രശംസകൾ ഒന്നും വെറുതെ സമ്പാദിച്ചതല്ല എന്ന് വ്യക്തമായ സൂചനകൾ നൽകുകയാണ്.
തന്റെ 12ആം വയസ്സിൽ അണ്ടർ 17 ടീമിനായി കളിച്ച താരമാണ് യൂസോഫ. കാമറൂൺകാരനായ യൂസോഫ ഡോർട്മുണ്ട് അക്കാദമി കണ്ട ഏറ്റവും മികച്ച സ്ട്രൈക്കർ ആണെന്നാണ് പരിശീലകർ പറയുന്നത്. അവസാന സീസണിൽ അണ്ടർ 19 ടീമിനായി കളിച്ച താരം 28 മത്സരങ്ങളിൽ നിന്ന് 39 ഗോളുകൾ നേടിയിരുന്നു.