ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സിന് തുടർച്ചയായ രണ്ടാം സമനില. ചെന്നൈയിൻ എഫ്സിക്കെതിരെ ഗോൾ രഹിത സമനിലയാണ് ബ്ലാസ്റ്റേഴ്സ് നേടിയത്. കേരള ബ്ലാസ്റ്റേഴ്സിനെതിരായ പെനാൽറ്റി സേവ് ചെയ്ത് മലയാളക്കരയുടെ രക്ഷകനായി ആൽബിനോ ഗോമസ് മാറി. ഐഎസ്എല്ലിൽ വിലയേറിയ ഒരി പോയിന്റ് കേരള ബ്ലാസ്റ്റേഴ്സിന് നേടിക്കൊടുക്കാൻ ആൽബീനോ ഗോമസിനായി.
പതിവ് പോലെ അനുരുദ്ധ് ഥാപയായിരുന്നു ചെന്നൈയിൻ എഫ്സി അക്രമണത്തിന്റെ കുന്തമുന. കേരള ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തിന് തുടർച്ചയായി തലവേദനയുണ്ടാക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. മഞ്ഞപ്പടയുടെ നോംഗ്ഡാംബ നോറെത്തിന് ഒരു സുവർണാവസരം ലഭിച്ചെങ്കിലും താരത്തിന് അത് മുതലെടുക്കാനായില്ല. അതേ സമയം ഏറെ വൈകാതെ കർവാലോ ഹെഡ്ഡറിലൂടെ ബ്ലാസ്റ്റേഴ്സിന്റെ വലകുലുക്കിയെങ്കിലും ലൈനിനപ്പുറത്ത് നിന്ന് കൊടി ഉയർന്നു. ഓഫ്സൈടിൽ തട്ടി ചെന്നൈയിൻ അക്രമണം നിർത്തിയില്ല. തുടരെത്തുടരെ ചെന്നൈയിൻ അക്രമിച്ച് കളിച്ചെങ്കിലും ബ്ലാസ്റ്റേഴ്സിനെതിരെ ആദ്യ പകുതിയിൽ ഗോളടിക്കാനായില്ല.
സംഭവബഹുലമായ രണ്ടാം പകുതിയിൽ സത്യസെനിന് പകരം രാഹുൽ കെപിയെ ഇറക്കിയാണ് ബ്ലാസ്റ്റേഴ്സ് കളിയാരംഭിച്ചത്. വൈകാതെ തന്നെ ജെസ്സെലിനേയും കളത്തിലെത്തിച്ച് കിബു വികൂന തന്ത്രങ്ങൾ മെനഞ്ഞു. പന്ത് കൂടുതൽ സമയവും ബ്ലാസ്റ്റേഴ്സിന്റെ കയ്യിലായിരുന്നെങ്കിലും ഇരു ടിമുകളും പതിയെ അക്രമിച്ച് കളിക്കാൻ തുടങ്ങി. പെനാൽറ്റി ബോക്സിൽ ക്യാപ്റ്റൻ സിഡോഞ്ച റാഫേലിനെ വീഴ്ത്തിയപ്പോൾ മഞ്ഞക്കാർഡിനൊപ്പം ചെന്നയിന് അനുകൂലമായ പെനാൽറ്റിയും വിധിച്ചു. പിന്നെയാണ് രക്ഷകനായി ആൽബിനോ ഗോമസ് അവതരിച്ചത്. സിൽവസ്റ്ററിന്റെ ഷോട്ട് തട്ടിയകറ്റി ആൽബിനോ ഗോമസ് കേരള ബ്ലാസ്റ്റേഴ്സിന് പുതു ജീവൻ നൽകി. പിന്നീട് കളിയവസാനിക്കും വരെ ഇരു ടീമുകളും ഗോളടിക്കാൻ കിണഞ്ഞു ശ്രമിച്ചു.
പരിക്കേറ്റ് ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റൻ സെർജിയോ സിഡോഞ്ച കളം വിട്ടത്ത് ബ്ലാസ്റ്റേഴ്സ് ആരാധകരെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. നിലവിൽ മൂന്ന് കളികളിൽ ജയമില്ലാത്ത കേരള ബ്ലാസ്റ്റേഴ്സ് രണ്ട് പോയന്റുമായി 7ആം സ്ഥാനത്താണ്. രണ്ട് കളികളിൽ 4പോയന്റുമായി ചെന്നൈയിൻ എഫ്സി മൂന്നാം സ്ഥാനത്തും.