തന്റെ കീപ്പിംഗ് റോള്‍ സ്ഥിരപ്പെടുവാനുള്ള സാധ്യതയുണ്ട് – കെഎല്‍ രാഹുല്‍

Sports Correspondent

ഇന്ത്യന്‍ ടീമിന് വേണ്ടി ഏത് റോളും ഏറ്റെടുക്കുവാന്‍ താന്‍ തയ്യാറാണെന്ന് പറഞ്ഞ് ഇന്ത്യന്‍ താരം ലോകേഷ് രാഹുല്‍. ഐപിഎലില്‍ മികച്ച പ്രകടനത്തിന് ശേഷം ഓസ്ട്രേലിയന്‍ ടൂറിനുള്ള ഇന്ത്യന്‍ ടീമിന്റെ ഉപനായകനായി താരത്തെ ഉയര്‍ത്തിയിരുന്നു. മധ്യ നിരയിലെ ബാറ്റിംഗും വിക്കറ്റ് കീപ്പിംഗ് ദൗത്യവും താന്‍ ഉറ്റുനോക്കുകയാണെന്ന് താരം വ്യക്തമാക്കി.

നേരത്തെ ഓസ്ട്രേലിയയ്ക്കെതിരെയുള്ള നാട്ടിലെ ഏകദിന പരമ്പരയില്‍ താരത്തോട് സമാനമായ ചുമതല ഏറ്റെടുക്കുവാന്‍ ടീം മാനേജ്മെന്റ് ആവശ്യപ്പെട്ടിരുന്നു. തനിക്ക് മികച്ച പ്രകടനം കാഴ്ചവയ്ക്കുവാനായാല്‍ തന്റെ കീപ്പിംഗ് റോള്‍ സ്ഥിരം ആവുമെന്നാണ് ലോകേഷ് രാഹുല്‍ അഭിപ്രായപ്പെട്ടത്.

രണ്ട് ടി20 ലോകകപ്പും ഒരു ഏകദിന ലോകകപ്പും വരാനിരിക്കുന്നതിനാല്‍ തന്നെ ഇന്ത്യ ആരാവണം തങ്ങളുടെ ഒന്നാം നമ്പര്‍ കീപ്പറെന്ന കാര്യത്തില്‍ ഒരു തീരുമാനം എടുക്കുവാനുള്ള ഘട്ടത്തിലാണിപ്പോളുള്ളത്.