“വിരാട് കോഹ്‌ലിയുടെ അഭാവത്തിൽ രോഹിത് ശർമക്ക് മികച്ച പ്രകടനം പുറത്തെടുക്കാൻ കഴിയും”

Staff Reporter

ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയുടെ അഭാവത്തിൽ ടെസ്റ്റിൽ രോഹിത് ശർമക്ക് മികച്ച പ്രകടനം പുറത്തെടുക്കാൻ കഴിയുമെന്ന് മുൻ ഓസ്‌ട്രേലിയൻ ഫാസ്റ്റ് ബൗളർ ഗ്ലെൻ മക്ഗ്രാത്ത്. ഭാര്യ അനുഷ്ക ശർമ തന്റെ കുഞ്ഞിന് ജന്മം നൽകുന്നതുമായി ബന്ധപ്പെട്ട് ഓസ്‌ട്രേലിയക്കെതിരായ അവസാന മൂന്ന് ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി വിട്ടുനിൽക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു.

രോഹിത് ശർമ്മ വളരെ മികച്ച ബാറ്റ്സ്മാൻ ആണെന്നും എന്നാൽ ടെസ്റ്റിൽ താരത്തിന്റെ പ്രതിഭക്ക് അനുസരിച്ചുള്ള പ്രകടനം താരം പുറത്തെടുത്തിട്ടില്ലെന്നും മഗ്രാത്ത് പറഞ്ഞു. വിരാട് കോഹ്‌ലിയുടെ അഭാവത്തിൽ രോഹിത് ശർമക്ക് മികച്ച പ്രകടനം പുറത്തെടുക്കാൻ കഴിയുമെന്നും എന്നാൽ ഓസ്ട്രേലിയ ഒരു താരത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ശരിയല്ലെന്നും മഗ്രാത്ത് പറഞ്ഞു. ഇന്ത്യൻ ടീമിൽ അജിങ്കെ രഹാനെ, ചേതേശ്വർ പൂജാര, കെ.എൽ രാഹുൽ എന്നിവരെല്ലാം മികച്ച ബാറ്റിംഗ് പുറത്തെടുക്കുന്നവരാണെന്നും മഗ്രാത്ത് പറഞ്ഞു.

വിരാട് കൊഹ്‍ലി ടീം വിട്ട് പോവുമ്പോൾ അത് മറ്റൊരു താരത്തിന് പരമ്പരയിൽ മികച്ച പ്രകടനം പുറത്തെടുക്കാനുള്ള അവസരം ആണെന്നും അത് രോഹിത് ശർമ ആവാൻ സാധ്യത ഉണ്ടെന്നും മഗ്രാത്ത് പറഞ്ഞു. ഡിസംബർ 17ന് അഡ്ലെയ്ഡിൽ നടക്കുന്ന ഡേ നൈറ്റ് മത്സരത്തോടെയാണ് ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്.