പ്രീമിയർ ലീഗിൽ ഇന്ന് മറ്റൊരു വൻ മത്സരത്തിന് ഫുട്ബോൾ പ്രേമികൾക്ക് സാക്ഷിയാകാം. ഇന്ന് ഓൾഡ്ട്രാഫോർഡിൽ നടക്കുന്ന മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡും ആഴ്സണലും ആണ് നേർക്കുനേർ വരുന്നത്. ചാമ്പ്യൻസ് ലീഗിൽ ലെപ്സൈഗിനെതിരെ വൻ വിജയവും നേടിയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് എത്തുന്നത്. എന്നാലും പ്രീമിയർ ലീഗിൽ ഈ സീസണിൽ ഹോം ഗ്രൗണ്ടിൽ ഒരു മത്സരം വരെ വിജയിക്കാൻ യുണൈറ്റഡിനായിട്ടില്ല. അതുകൊണ്ട് തന്നെ ഇന്ന് വിജയം യുണൈറ്റഡിന് നിർബന്ധമാണ്.
ലെപ്സിഗിനെതിരെ ഹാട്രിക്ക് അടിച്ച മാർക്കസ് റാഷ്ഫോർഡും ഒപ്പം ബ്രൂണോയും ഒക്കെ ഇന്ന് യുണൈറ്റഡ് ആദ്യ ഇലവനിലേക്ക് മടങ്ങിയെത്തും. വാൻ ഡെ ബീക്, കവാനി എന്നിവരെ ഒലെ ഇറക്കുമോ എന്ന് കണ്ടു തന്നെ അറിയണം. സസ്പെൻഷനിൽ ഉള്ള മാർഷ്യലിന് ഇന്നും കളിക്കാൻ ആവില്ല. മറുവശത്ത് ആഴ്സണലും അത്ര മികച്ച ഫോമിൽ അല്ല. അവരുടെ പ്രധാന താരങ്ങൾക്ക് ഒക്കെ യൂറോപ്പ ലീഗ് മത്സരത്തിൽ അർട്ടേറ്റ വിശ്രമം നൽകിയിരുന്നു. ക്യാപ്റ്റൻ ഒബാമയങ്ങിന്റെ ബൂട്ടുകൾ ഗോളടിച്ച് സ്ഥിരം ഫോമിലേക്ക് എത്താത്തത് അർട്ടേറ്റയെ അലട്ടുന്നുണ്ട്. ഡിഫൻസ് തന്നെയാണ് ആഴ്സണലിന്റെ പ്രധാന പ്രശ്നം.
ഇന്ന് രാത്രി 10 മണിക്കാണ് മത്സരം നടക്കുന്നത്. പ്രീമിയർ ലീഗ് ടേബിളിൽ ആദ്യ പത്തിന് പുറത്താണ് ഇപ്പോൾ രണ്ടു ടീമുകളും ഉള്ളത്.