സിംബാബ്‍വേ ഉയര്‍ത്തിയ വെല്ലുവിളി അതിജീവിച്ച് ആദ്യ ഏകദിനത്തില്‍ വിജയം നേടി പാക്കിസ്ഥാന്‍. 282 റണ്‍സ് ലക്ഷ്യം തേടിയിറങ്ങിയ സിംബാബ്‍വേയ്ക്ക് 49.4 ഓവറില്‍ നിന്ന് 255 റണ്‍സിന് ഓള്‍ഔട്ട് ആകുകയായിരുന്നു. ഇന്നിംഗ്സിന്റെ അവസാനത്തോടെ തുടരെ വിക്കറ്റുകള്‍ നഷ്ടമായതാണ് സന്ദര്‍ശകര്‍ക്ക് തിരിച്ചടിയായത്. ആദ്യ സ്പെല്ലില്‍ രണ്ട് വിക്കറ്റ് വീഴ്ത്തിയ ഷഹീന്‍ അഫ്രീദി തിരികെ എത്തി മൂന്ന് വിക്കറ്റ് കൂടി വീഴ്ത്തി പാക്കിസ്ഥാന് 26 റണ്‍സ് വിജയം നല്‍കുകയായിരുന്നു. വഹാബ് റിയാസിന് നാല് വിക്കറ്റ് ലഭിച്ചു.
ബ്രണ്ടന്‍ ടെയിലര്‍, വെസ്‍ലി മാധ്‍വേരെ എന്നിവരുടെ അഞ്ചാം വിക്കറ്റ് പ്രകടനമാണ് സിംബാബ്‍വേ നിരയിലെ വേറിട്ട പ്രകടനം. ഇരുവരും ചേര്‍ന്ന് 119 റണ്‍സാണ് അഞ്ചാം വിക്കറ്റില്‍ നേടിയത്. 115/4 എന്ന നിലയില്‍ നിന്ന് 234/5 എന്ന നിലയിലേക്ക് സിംബാബ്‍വേയെ ഈ കൂട്ടുകെട്ട് കൈപിടിച്ചുയര്‍ത്തുകയായിരുന്നു. 55 റണ്‍സാണ് വെസ്‍ലി നേടിയത്.
112 റണ്‍സ് നേടിയ ബ്രണ്ടന്‍ ടെയിലറും അധികം വൈകാതെ പുറത്തായതോടെ സിംബാബ്‍വേയുടെ പ്രതീക്ഷകള്‍ അസ്തമിക്കുകയായിരുന്നു.
ആദ്യ ഓവറുകളില്‍ തന്നെ ഷഹീന്‍ അഫ്രീദിയുടെ തീപാറും ബൗളിംഗിന് മുന്നില്‍ ചൂളിയ സിംബാബ്‍വേ 28/2 എന്ന നിലയില്‍ പ്രതിരോധത്തിലാകുകയായിരുന്നു. പിന്നീട് ബ്രണ്ടന്‍ ടെയിലറും ക്രെയിഗ് ഇര്‍വിനും ചേര്‍ന്ന് 71 റണ്‍സ് മൂന്നാം വിക്കറ്റില്‍ നേടിയാണ് സിംബാബ്‍വേയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്.
41 റണ്‍സാണ് ഇര്‍വിന്റെ സ്കോര്‍. ഇര്‍വിനും ഷോണ്‍ വില്യംസിന്റെയും വിക്കറ്റ് തുടരെ നഷ്ടമായെങ്കിലും സിംബാബ്‍വേയ്ക്ക് തുണയായി മാറിയത് ടെയിലര്‍-വെസ്‍ലി കൂട്ടുകെട്ടായിരുന്നു. 234/4 എന്ന നിലയില്‍ നിന്ന് 255 റണ്‍സിന് സിംബാബ്‍വേ ഓള്‍ഔട്ട് ആയപ്പോള്‍ പാക്കിസ്ഥാനെ ഞെട്ടിക്കുവാനുള്ള മികച്ച ഒരു അവസരമാണ് സിംബാബ്‍വേ കൈവിട്ടത്.