ഫിനിഷര്‍ ജഡ്ഡു, രണ്ടോവറില്‍ 30 റണ്‍സ് എന്ന ലക്ഷ്യം നേടി കൊല്‍ക്കത്തയില്‍ നിന്ന് വിജയം തട്ടിയെടുത്ത് ചെന്നൈ സൂപ്പര്‍ കിംഗ്സ്

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ലോക്കി ഫെര്‍ഗൂസണ്‍ എറിഞ്ഞ 19ാം ഓവറില്‍ പിറന്ന 20 റണ്‍സിന്റെ ബലത്തില്‍ കൊല്‍ക്കത്തയില്‍ നിന്ന് വിജയം തട്ടിയെടുത്ത് ചെന്നൈ സൂപ്പര്‍ കിംഗ്സ്. ഒരു ഘട്ടത്തില്‍ റുതുരാജ് സിംഗും അമ്പാട്ടി റായിഡുവും ക്രീസില്‍ നില്‍ക്കുമ്പോള്‍ ചെന്നൈയ്ക്ക് വിജയ പ്രതീക്ഷയുണ്ടായിരുന്നുവെങ്കിലും റായിഡുവിന്റെ വിക്കറ്റ് നഷ്ടമായ ശേഷമാണ് ചെന്നൈയുടെ ചേസിംഗിന്റെ താളം തെറ്റുകയായിരുന്നു. അവസാന രണ്ടോവറില്‍ 30 റണ്‍സ് നേടേണ്ടിയിരുന്ന ചെന്നൈയ്ക്ക് ലോക്കി ഫെര്‍ഗൂസണ്‍ എറിഞ്ഞ ഓവറില്‍ നിന്ന് 20 റണ്‍സ് നേടാനായപ്പോള്‍ അവസാന ഓവറിലെ ലക്ഷ്യം 10 റണ്‍സായി മാറി.

കമലേഷ് നാഗര്‍കോടി എറിഞ്ഞ ഓവറിലെ ആദ്യ നാല് പന്തില്‍ നിന്ന് വെറും മൂന്ന് റണ്‍സ് മാത്രം വന്നപ്പോള്‍ അവസാന രണ്ട് പന്തുകളില്‍ നിന്ന് രണ്ട് സിക്സര്‍ പറത്തി ചെന്നൈ വിജയം പിടിച്ചെടുത്തു. 11 പന്തില്‍ 31 റണ്‍സ് നേടിയ ജഡേജയുടെ പ്രകടനമാണ് ചെന്നൈയുടെ വിജയം ഉറപ്പാക്കിയത്. 53 പന്തില്‍ നിന്ന് 72 റണ്‍സ് നേടിയ റുതുരാജ് ഗായ്ക്വാഡും 20 പന്തില്‍ നിന്ന് 38 റണ്‍സ് നേടി അമ്പാട്ടി റായിഡുവും നിര്‍ണ്ണായകമായ പ്രകടനങ്ങള്‍ പുറത്തെടുക്കുകയായിരുന്നു.

Ruturajgaikwad

44 റണ്‍സാണ് പവര്‍പ്ലേയില്‍ ചെന്നൈ നേടിയത്. എന്നാല്‍ ഒന്നാം വിക്കറ്റില്‍ 50 റണ്‍സ് നേടിയ ശേഷം വരുണ്‍ ചക്രവര്‍ത്തി ചെന്നൈയുടെ ഓപ്പണിംഗ് കൂട്ടുകെട്ടിനെ തകര്‍ക്കുകയായിരുന്നു. 14 റണ്‍സ് നേടിയ വാട്സണെയാണ് വരുണ്‍ പുറത്താക്കിയത്.

പിന്നീട് ഗായക്വാഡിന് കൂട്ടായി എത്തിയ അമ്പാട്ടി റായിഡുവും അതിവേഗത്തില്‍ സ്കോറിംഗ് നടത്തിയപ്പോള്‍ ചെന്നൈ അനായാസ ജയത്തിലേക്ക് നീങ്ങുമെന്ന് തോന്നിപ്പിച്ചു. പത്തോവറില്‍ 74 റണ്‍സിലേക്ക് ചെന്നൈയെ ഈ കൂട്ടുകെട്ട് എത്തിയ്ക്കുകയായിരുന്നു. 37 പന്തില്‍ നിന്ന് ഇതിനെടെ റുതുരാജ് ഗായക്വാഡ് തന്റെ അര്‍ദ്ധ ശതകം പൂര്‍ത്തിയാക്കി.

68 റണ്‍സ് രണ്ടാം വിക്കറ്റില്‍ നേടി മത്സരം കൊല്‍ക്കത്തയുടെ പക്കലില്‍ നിന്ന് ചെന്നൈ തട്ടിയെടുക്കുമെന്ന് തോന്നിപ്പിച്ച നിമിഷത്തിലാണ് പാറ്റ് കമ്മിന്‍സ് അമ്പാട്ടി റായിഡുവിനെ പുറത്താക്കി നിര്‍ണ്ണായകമായ ബ്രേക്ക് ത്രൂ കൊല്‍ക്കത്തയ്ക്ക് നല്‍കിയത്. 20 പന്തില്‍ നിന്ന് 38 റണ്‍സായിരുന്നു റായിഡുവിന്റെ സംഭാവന.

Varun

അടുത്ത ഓവറില്‍ ചെന്നൈ നായകന്‍ എംഎസ് ധോണിയെ വരുണ്‍ ചക്രവര്‍ത്തി പുറത്താക്കിയതോടെ ചെന്നൈയുടെ താളം തെറ്റിത്തുടങ്ങുകയായിരുന്നു. അതേ ഓവറില്‍ സാം കറന്‍ നല്‍കിയ റിട്ടേണ്‍ ക്യാച്ച് വരുണ്‍ കൈവിട്ടപ്പോള്‍ ചെന്നൈ ക്യാമ്പില്‍ അത് ആശ്വാസമായി.

അവസാന നാലോവറില്‍ 45 റണ്‍സായിരുന്നു ചെന്നൈ നേടേണ്ടിയിരുന്നത്. 18ാം ഓവറില്‍ റുതുരാജിന്റെ വിക്കറ്റും പാറ്റ് കമ്മിന്‍സ് വീഴ്ത്തിയതോടെ ചെന്നൈയുടെ പ്രതീക്ഷകള്‍ തകരുന്ന കാഴ്ചയാണ് കണ്ടത്. 30 റണ്‍സായിരുന്നു അവസാന രണ്ടോവറില്‍ ചെന്നൈ നേടേണ്ടിയിരുന്നത്.

ലോക്കി ഫെര്‍ഗൂസണ്‍ എറിഞ്ഞ ഓവറില്‍ ഒരു ബീമര്‍ വന്നതും അതില്‍ നിന്ന് സിക്സര്‍ ജഡേജ നേടിയതോടെ ഓവറില്‍ നിന്ന് 20 റണ്‍സ് വന്നതാണ് ചെന്നൈയ്ക്ക് അനുകൂലമാക്കി മാറ്റിയത്. എന്നാല്‍ അവസാന ഓവറില്‍ 10 റണ്‍സ് നേടുവാനിറങ്ങിയ ചെന്നൈയെ കമലേഷ് നാഗര്‍കോടി ‍ഞെട്ടിച്ചുവെങ്കിലും അവസാന രണ്ട് പന്തില്‍ സിക്സര്‍ പറത്തി ജഡേജ കളി കൈക്കലാക്കി.

വരുണ്‍ ചക്രവര്‍ത്തിയും പാറ്റ് കമ്മിന്‍സും 2 വീതം വിക്കറ്റ് നേടുകയായിരുന്നു.