അവസാന രണ്ടോവറില്‍ 35 റണ്‍സ് ബാംഗ്ലൂര്‍ നേടേണ്ട സാഹചര്യത്തില്‍ എബി ഡി വില്ലിയേഴ്സ് ക്രീസില്‍ ഉണ്ടായിരുന്നുവെങ്കിലും മത്സരം രാജസ്ഥാന്റെ പക്കലായിരുന്നുവെന്നാണ് ഏവരും വിലയിരുത്തിയിരുന്നത്. തന്റെ 28 റണ്‍സ് നേടുവാന്‍ ആ സമയത്ത് 16 പന്തുകളാണ് എബി ഡി വില്ലിയേഴ്സ് നേരിട്ടത്. എന്നാല്‍ ജയ്ദേവ് ഉനഡ്കട് എറിഞ്ഞ ഓവറില്‍ മൂന്ന് സിക്സ് അടക്കം 25 റണ്‍സ് പിറന്നപ്പോള്‍ മത്സരം ബാംഗ്ലൂര്‍ സ്വന്തമാക്കി കഴിയുകയായിരുന്നു.
ജോഫ്ര ആര്‍ച്ചറുടെ ഓവര്‍ ബാക്കി നില്‍ക്കയൊണ് സ്മിത്ത് 19ാം ഓവര്‍ ജയ്ദേവിന് നല്‍കിയത്. അത് തിരിച്ചടിയായി മാറുകയായിരുന്നു. 178 റണ്‍സ് ചേസ് ചെയ്യുമ്പോള്‍ 102/2 എന്ന നിലയിലാണ് എബിഡി ക്രീസിലെത്തുന്നത്. ദേവ്ദത്ത് പടിക്കലിനും വിരാട് കോഹ്ലിയ്ക്കും വലിയ ഷോട്ടുകള്‍ കളിക്കുവാന്‍ പ്രയാസം നേരിടുന്നതാണ് കണ്ടതെങ്കിലും എബി ഡി വില്ലിയേഴ്സ് ഒറ്റയ്ക്ക് ബാംഗ്ലൂരിന് വേണ്ടി മത്സരം സ്വന്തമാക്കുന്നതാണ് കണ്ടത്.
എബി ഡി എന്ത് കൊണ്ടാണ് ക്രിക്കറ്റിലെ മഹാന് എന്നതിന്റെ ഒരു തെളിവ് കൂടിയാണ് ഇന്നലത്തെ മത്സരം എന്നാണ് ആര്‍സിബിയുടെ മുഖ്യ കോച്ച് സൈമണ്‍ കാറ്റിച്ച് വ്യക്തമാക്കിയത്. ഈ ടൂര്‍ണ്ണമെന്റില്‍ തന്നെ ഇത് പല വട്ടം കണ്ടതാണെന്നും കഴിഞ്ഞ ദിവസം കൊല്‍ക്കത്തയ്ക്കെതിരെയും 33 പന്തില്‍ 77 റണ്‍സ് നേടി എബിഡി അത് ശരി വെച്ചിരുന്നുവെന്ന് സൈമണ്‍ കാറ്റിച്ച് വ്യക്തമാക്കി.
ആ മത്സരം രാജസ്ഥാന് ജയിക്കേണ്ടതായിരുന്നുവെന്നും എബിഡി ഒറ്റയ്ക്കാണ് മത്സരം ഞങ്ങള്‍ക്കായി നേടിതന്നെതെന്നും സൈമണ്‍ കാറ്റിച്ച് സൂചിപ്പിച്ചു. നിര്‍ണ്ണായകമായ ഏതാനും പ്രകടനങ്ങള്‍ ടീമിലെ താരങ്ങളില്‍ നിന്നുണ്ടായിട്ടുണ്ട് പക്ഷേ ജയം സാധ്യമാക്കിയത് എബി ഡിയാണെന്നാണ് കാറ്റിച്ച് പറഞ്ഞത്.