ഷാര്‍ജ്ജയില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ചെന്നൈ സൂപ്പര്‍ കിംഗ്സിന് 179 റണ്‍സ്. സാം കറനെ ഓപ്പണറാക്കിയ നീക്കം പാളിയെങ്കിലും ചെന്നൈയ്ക്ക് വേണ്ടി ഫാഫ് ഡു പ്ലെസി, ഷെയിന്‍ വാട്സണ്‍, അമ്പാട്ടി റായിഡു എന്നിവരാണ് ബാറ്റിംഗില്‍ തിളങ്ങിയത്.
സാം കറനെ പൂജ്യത്തിന് നഷ്ടമായ ശേഷം പവര്‍പ്ലേയില്‍ മെല്ലെയാണ് ഫാഫ് ഡു പ്ലെസിയും ഷെയിന്‍ വാട്സണും ചേര്‍ന്ന് ബാറ്റ് വീശിയത്. ആദ്യ ഓവര്‍ എറിഞ്ഞ തുഷാര്‍ ദേശ്പാണ്ടേ ആണ് സാം കറനെ വീഴ്ത്തിയത്. പിന്നീട് രണ്ടാം വിക്കറ്റില്‍ ഷെയിന്‍ വാട്സണുമായി ചേര്‍ന്ന് 87 റണ്‍സ് കൂട്ടുകെട്ട് ഫാഫ് ഡു പ്ലെസി നേടി.
ഫാഫ ഡു പ്ലെസി 39 പന്തില്‍ നിന്ന് തന്റെ അര്‍ദ്ധ ശതകം പൂര്‍ത്തിയാക്കിയെങ്കിലും അതേ ഓവറില്‍ തന്നെ ഷെയിന്‍ വാട്സണെ ചെന്നൈയ്ക്ക് നഷ്ടമായി. 36 റണ്‍സ് നേടിയ വാട്സണെ ആന്‍റിക് നോര്‍ക്കിയ ആണ് പുറത്താക്കിയത്. അമ്പാട്ടി റായിഡുവുമായി 22 റണ്‍സ് കൂട്ടുകെട്ടിന് ശേഷം ഫാഫ് ഡു പ്ലെസിയും മടങ്ങുകയായിരുന്നു.
47 പന്തില്‍ നിന്ന് 58 റണ്‍സാണ് താരം നേടിയത്. കാഗിസോ റബാഡയാണ് ഫാഫ് ഡു പ്ലെസിയെ പുറത്താക്കിയത്. എംഎസ് ധോണിയ്ക്ക് മികവ് കണ്ടെത്താനാകാതെ മൂന്ന് റണ്‍സ് നേടി മടങ്ങിയപ്പോള്‍ പിന്നീടെത്തിയ അമ്പാട്ടി റായിഡു രവീന്ദ്ര ജഡേജ കൂട്ടുകെട്ടാണ് ചെന്നൈയെ മികച്ച സ്കോറിലേക്ക് നയിച്ചത്. 50 റണ്‍സാണ് 21 പന്തില്‍ നിന്ന് ഈ കൂട്ടുകെട്ട് നേടിയത്. റായിഡു 25 പന്തില്‍ നിന്ന് 45 റണ്‍സ് നേടിയപ്പോള്‍ 13 പന്തില്‍ 33 റണ്‍സുമായി ജഡേജയും അവസാന ഓവറുകളില്‍ തകര്‍ത്തടിച്ചു. ഇരുവരും നാല് വീതം സിക്സുകളാണ് മത്സരത്തില്‍ നേടിയത്.