എബി ഡിവില്ലേഴ്സിന്റെ വെടിക്കെട്ട് പ്രകടനത്തിന്റെ പിൻബലത്തിൽ രാജാസ്ഥൻ റോയൽസിനെ തോൽപ്പിച്ച് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ. 7 വിക്കറ്റിനായിരുന്നു ആർ.സി.ബിയുടെ വിജയം. രാജസ്ഥാൻ റോയൽസ് ഉയർത്തിയ 178 റൺസ് എന്ന ലക്ഷ്യം 2 പന്ത് ബാക്കി നിൽക്കെ 3 വിക്കറ്റ് നഷ്ടത്തിൽ ആർ.സി.ബി മറികടക്കുകയായിരുന്നു.നാലാമനായി ഇറങ്ങിയ ഡിവില്ലേഴ്സിന്റെ വെടികെട്ടാണ് ആർ.സി.ബിക്ക് ജയം നേടിക്കൊടുത്തത്. വെറും 22 പന്തിലാണ് എബി ഡിവില്ലേഴ്സ് 55 റൺസ് നേടിയത്. 19ആം ഓവറിൽ ഡിവില്ലേഴ്സ് നേടിയ മൂന്ന് സിക്സുകളാണ് മത്സരത്തിൽ നിർണായകമായത്.
തുടക്കത്തിൽ തന്നെ ആരോൺ ഫിഞ്ചിന്റെ വിക്കറ്റ് ആർ.സി.ബിക്ക് നഷ്ടമായെങ്കിലും ദേവ് പടിക്കലും വിരാട് കോഹ്ലിയും ചേർന്ന് രണ്ടാം വിക്കറ്റിൽ മികച്ച കൂട്ടുകെട്ടാണ് ആർ.സി.ബിക്ക് നൽകിയത്. വിരാട് കോഹ്ലി 43 റൺസ് എടുത്തും ദേവ് പടിക്കൽ 35 റൺസുമെടുത്താണ് പുറത്തായത്. തുടർന്നാണ് ഡിവില്ലേഴ്സ് വെടിക്കെട്ട് ദുബായിൽ കണ്ടത്. 17 പന്തിൽ 19 റൺസുമായി ഗുർകീരത് സിംഗ് ഡിവില്ലേഴ്സിന് മികച്ച പിന്തുണയും നൽകി. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ റോയൽസ് 6 വിക്കറ്റ് നഷ്ടത്തിൽ 177 റൺസാണ് എടുത്തത്. 22 പന്തിൽ 41 റൺസ് എടുത്ത റോബിൻ ഉത്തപ്പയുടെയും 57 റൺസ് എടുത്ത സ്റ്റീവ് സ്മിത്തിന്റേയും മികച്ച പ്രകടനവുമാണ് രാജസ്ഥാന് മികച്ച സ്കോർ സമ്മാനിച്ചത്.













