റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ നല്‍കിയ 170 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ചെന്നൈയ്ക്ക് 37 റണ്‍സ് തോല്‍വി. ടൂര്‍ണ്ണമെന്റില്‍ ടീം നേരിടുന്ന അഞ്ചാമത്തെ തോല്‍വിയാണിത്. മുംബൈയ്ക്കെതിരെയും പഞ്ചാബിനെതിരെയും ജയം നേടിയ ടീമിന് ബാക്കി മത്സരങ്ങളില്‍ കാര്യമായ പ്രഭാവമുണ്ടാക്കുവാന്‍ സാധിച്ചിരുന്നില്ല. 20 ഓവറില്‍ നിന്ന് 132 റണ്‍സാണ് 8 വിക്കറ്റ് നഷ്ടത്തില്‍ ചെന്നൈ നേടിയത്.
ചെന്നൈയുടെ ഓപ്പണര്‍മാരായ ഫാഫ് ഡു പ്ലെസിയും(8) ഷെയിന്‍ വാട്സണും(14) പവര്‍പ്ലേയില്‍ തന്നെ മുട്ട് മടക്കിയപ്പോള്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് 5.4 ഓവറില്‍ 25/2 എന്ന നിലയില്‍ പ്രതിരോധത്തിലായി. പിന്നീട് അമ്പാട്ടി റായിഡുവും നാരായണ്‍ ജഗദീഷനും ചേര്‍ന്നാണ് ടീമിനെ മുന്നോട്ട് ചെയ്തത്.
പത്തോവറില്‍ 47 റണ്‍സാണ് ചെന്നൈ നേടിയത്. ഇന്നിംഗ്സ് രണ്ടാം പകുതിയിലേക്ക് കടന്നപ്പോള്‍ വലിയ ഷോട്ടുകള്‍ കളിക്കുവാന്‍ ചെന്നൈ ബാറ്റ്സ്മാന്മാര്‍ നിര്‍ബന്ധിതരാകുകയായിരുന്നു. സ്ട്രാറ്റീജിക് ടൈം ഔട്ടിന് തൊട്ടുമുമ്പുള്ള ചഹാല്‍ എറിഞ്ഞ ഓവറില്‍ ജഗദീഷന്‍ രണ്ട് ഫോര്‍ നേടി ഓവറില്‍ നിന്ന് 12 റണ്‍സ് നേടുകയായിരുന്നു.
28 പന്തില്‍ നിന്ന് 33 റണ്‍സ് നേടിയ ജഗദീഷന്‍ ക്രിസ് മോറിസിന്റെ ഡയറക്ട് ഹിറ്റില്‍ പവലിയനിലേക്ക് മടങ്ങുമ്പോള്‍ 34 പന്തില്‍ 81 റണ്‍സായിരുന്നു ചെന്നൈ നേടേണ്ടിയിരുന്നത്. 5 പന്തില്‍ 10 റണ്‍സ് നേടി ധോണിയും മടങ്ങിയതോടെ ചെന്നൈ പ്രതീക്ഷകള്‍ അവസാനിച്ചു. തന്നെ സിക്സര്‍ പറത്തിയ ധോണിയെ പുറത്താക്കി മികച്ച പ്രതികാരമാണ് ചഹാല്‍ നേടിയത്.
42 റണ്‍സ് നേടിയ അമ്പാട്ടി റായിഡുവും ഇസ്രു ഉഡാനയ്ക്ക് വിക്കറ്റ് നല്‍കി മടങ്ങിയപ്പോള്‍ ചെന്നൈ തോല്‍വി ഉറപ്പിച്ചു. ബാംഗ്ലൂരിന് വേണ്ടി ക്രിസ് മോറിസ് മൂന്നും വാഷിംഗ്ടണ്‍ സുന്ദര്‍ രണ്ട് വിക്കറ്റും നേടി.