ഫ്രഞ്ച് ഓപ്പണിൽ കളിമണ്ണ് കോർട്ടിലെ രാജകുമാരൻ മൂന്നാം സീഡ് ഡൊമിനിക് തീമിനെ വീഴ്‌ത്തി അർജന്റീനൻ താരം ഡീഗോ ഷ്വാർട്ട്സ്മാൻ. അവിസ്മരണീയമായ മത്സരത്തിൽ ഏതാണ്ട് അഞ്ചര മണിക്കൂർ നീണ്ട പോരാട്ടത്തിൽ നീണ്ട 5 സെറ്റുകൾക്ക് ശേഷം ആണ് 12 സീഡ് ആയ അർജന്റീനൻ താരം ജയം കണ്ടത്. കഴിഞ്ഞ റോം ഓപ്പണിൽ നദാലിനെ വീഴ്‌ത്തി ഞെട്ടിച്ച ഷ്വാർട്ട്സ്മാൻ മറ്റൊരു ഞെട്ടൽ സമ്മാനിച്ചാണ് തന്റെ ആദ്യ ഗ്രാന്റ് സ്‌ലാം സെമിഫൈനലിലേക്ക് മുന്നേറിയത്. മത്സരത്തിൽ തീം 9 ബ്രൈക്കുകൾ നേടിയപ്പോൾ ഷ്വാർട്ട്സ്മാൻ 10 എണ്ണം ആണ് നേടിയത്.
ആദ്യ സെറ്റിൽ ബ്രൈക്ക് വഴങ്ങി പിറകെ നിന്ന ശേഷം തിരിച്ചു വന്ന ഷ്വാർട്ട്സ്മാൻ സെറ്റ് ടൈബ്രേക്കറിലൂടെ സ്വന്തമാക്കി. എന്നാൽ രണ്ടാം സെറ്റിൽ തിരിച്ചു വന്ന തീം നിർണായക ബ്രൈക്ക് കണ്ടത്തി സെറ്റ് 7-5 നു നേടി മത്സരത്തിൽ ഒപ്പമെത്തി. നല്ല സുഹൃത്തുക്കൾ കൂടിയായ ഇരു താരങ്ങളും മത്സരത്തിൽ അവിശ്വസനീയ ടെന്നീസ് തന്നെയാണ് പുറത്ത് എടുത്തത്. മൂന്നാം സെറ്റിൽ ടൈബ്രേക്കർ ഒരിക്കൽ കൂടി കണ്ടപ്പോൾ ജയം പക്ഷെ ഇത്തവണ തീമിനു ഒപ്പം ആയിരുന്നു.
നാലാം സെറ്റിൽ തുടക്കത്തിൽ ആധിപത്യം നേടിയ യു.എസ് ഓപ്പൺ ജേതാവ് ആയ തീം മത്സരം ജയിക്കും എന്നുറപ്പിച്ചതാണ്. എന്നാൽ അവിടെ നിന്നു തിരിച്ചു വന്ന ഷ്വാർട്ട്സ്മാൻ സെറ്റ് മറ്റൊരു ടൈബ്രേക്കറിലേക്ക് കൊണ്ടു പോവുന്ന കാഴ്ച അസാധ്യമായിരുന്നു. നാലാം സെറ്റ് നേടിയ ഷ്വാർട്ട്സ്മാൻ മത്സരം അഞ്ചാം സെറ്റിലേക്ക് നീട്ടി. അഞ്ചാം സെറ്റിൽ കൂടുതൽ തളർന്ന തീമിനു മേൽ ഷ്വാർട്ട്സ്മാൻ വലിയ ആധിപത്യം പുലർത്തി. സെറ്റ് 6-2 നു സ്വന്തമാക്കിയ ഷ്വാർട്ട്സ്മാൻ തന്റെ ആദ്യ ഗ്രാന്റ് സ്‌ലാം സെമിഫൈനൽ എന്ന സ്വപ്നം യഥാർത്ഥമാക്കി. സെമിയിൽ സാക്ഷാൽ റാഫേൽ നദാൽ യാനിക്ക് സിന്നർ മത്സരവിജയിയെ ആവും ഷ്വാർട്ട്സ്മാൻ നേരിടുക.