ഷാര്‍ജ്ജയിലെ വിജയം ടീമിന്റെ ആത്മവിശ്വാസം ഉയര്‍ത്തി – കാഗിസോ റബാഡ

Sports Correspondent

ഷാര്‍ജ്ജയില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ നേടിയ 18 റണ്‍സിന്റെ വിജയം ടീമിന്റെ ആത്മവിശ്വാസത്തെ സ്വാധീനിച്ചിട്ടുണ്ടെന്ന് പറഞ്ഞ് ഡല്‍ഹി ക്യാപിറ്റല്‍സ് പേസര്‍ കാഗിസോ റബാഡ. ഈ ആത്മവിശ്വാസമാണ് ടീമിനെ ബാംഗ്ലൂരിനെതിരെ 59 റണ്‍സ് വിജയത്തിലേക്ക് നയിച്ചതെന്നും റബാഡ സൂചിപ്പിച്ചു.

വിക്കറ്റുകള്‍ നേടുവാനായി ഒരു പദ്ധതിയുമില്ലെന്നും എവിടെ ബോള്‍ ചെയ്യുന്നു എന്നത് മാത്രമേ ഒരു ബൗളര്‍ക്ക് നിയന്ത്രിക്കുവാന്‍ കഴിയുകയുള്ളുവെന്നും വിക്കറ്റ് ലഭിയ്ക്കുമ ഇല്ലെയോ എന്നത് പിന്നീടുള്ള സംഭവമാണെന്നും റബാഡ വ്യക്തമാക്കി. ആദ്യ ഓവറിന് ശേഷം തന്നെ ബൗളിംഗില്‍ നിന്ന് മാറ്റിയത് തെറ്റായ കാര്യമാണെന്ന് പറയില്ലെന്നും അത് സാഹചര്യത്തിനനുസരിച്ചുള്ള ക്യാപ്റ്റന്റെ തീരുമാനമാണെന്നും അത് വിജയം കണ്ടുവെന്നതിലാണ് താന്‍ സന്തോഷം കണ്ടെത്തുന്നതെന്നും റബാഡ വ്യക്തമാക്കി.

അക്സര്‍ പട്ടേലും രവിചന്ദ്രന്‍ അശ്വിനുമാണ് ടീമിനെ വിജയിപ്പിച്ചതെന്നും അവര്‍ സൃഷ്ടിച്ച സമ്മര്‍ദ്ദം മുതലെടുത്ത് തനിക്ക് വിക്കറ്റുകള്‍ ലഭിച്ചതാണെന്നും റബാഡ സൂചിപ്പിച്ചു.