കളിക്കാതെ തന്നെ യുവന്റസിന് മൂന്ന് പോയിന്റ് ലഭിക്കും. ഇന്നലെ നടക്കേണ്ടിയിരുന്ന യുവന്റസ് നാപോളി മത്സരത്തിന് നാപോളി എത്താതിരുന്നതോടെയാണ് കാര്യങ്ങൾ യുവന്റസിന് എളുപ്പമായത്. കൊറോണ കാരണം നാപോളിക്ക് ഇന്നലെ ടൂറിനിൽ മത്സരത്തിന് എത്താൻ ആയിരുന്നില്ല. ഇതോടെ മത്സരം ഉപേക്ഷിക്കേണ്ടി വന്നിരിക്കുകയാണ്. നാപോളിക്ക് 3-0ന്റെ പരാജയവും യുവന്റസിന് മൂന്ന് പോയിന്റും ലഭിക്കും.
ഇത് സംബന്ധിച്ച് അന്തിമ തീരുമാനം ഉടൻ തന്നെ ലീഗ് അധികൃതർ പ്രഖ്യാപിക്കും. നാപോളി ടീമിലെ മൂന്ന് പേർക്ക് കൊറൊണ സ്ഥിരീകരിച്ചിരുന്നു. അതുകൊണ്ട് തന്നെ നാപോളി വിട്ട് യാത്ര ചെയ്യാൻ നാപോളി ഫുട്ബോൾ ക്ലബിനെ പ്രാദേശിക നിയമങ്ങളും അധികാരികളും അനുവദിച്ചിരുന്നില്ല. മത്സരം ഉപേക്ഷിക്കാൻ നാപോളി ആവശ്യപ്പെട്ടെങ്കിലും അത് സീരി എ അംഗീകരിച്ചില്ല. 13 താരങ്ങൾ എങ്കിലും ഉണ്ട് എങ്കിൽ ടീമിനെ കളത്തിൽ ഇറക്കണം എന്നാണ് ഫുട്ബോൾ നിയമം.