ഫ്രഞ്ച് ഓപ്പണിൽ നിന്നു മുൻ ജേതാവും പതിനാറാം സീഡുമായ സ്വിസ് താരം സ്റ്റാൻ വാവറിങ്ക മൂന്നാം റൗണ്ടിൽ പുറത്ത്. അഞ്ച് സെറ്റ് നീണ്ട കടുത്ത പോരാട്ടത്തിനൊടുവിൽ സീഡ് ചെയ്യാത്ത ഫ്രഞ്ച് താരം ഹ്യൂഗോ ഗാസ്റ്റൻ ആണ് വാവറിങ്കയെ വീഴ്ത്തിയത്. അഞ്ച് സെറ്റിൽ ശാരീരിക ക്ഷമത വെല്ലുവിളി ആയെങ്കിലും വാവറിങ്ക മികച്ച പോരാട്ടം ആണ് പുറത്ത് എടുത്തത്. മത്സരത്തിൽ 5 തവണ എതിരാളിയെ ബ്രൈക്ക് ചെയ്ത വാവറിങ്ക പക്ഷെ 8 തവണ ബ്രൈക്ക് വഴങ്ങി. ആദ്യ സെറ്റ് 6-2 നേടിയ സ്വിസ് താരത്തിന് മികച്ച തുടക്കം ആണ് ലഭിച്ചത്. എന്നാൽ രണ്ടും മൂന്നും സെറ്റുകൾ 6-3, 6-3 എന്ന സ്കോറിന് നേടിയ ഫ്രഞ്ച് താരം മത്സരത്തിൽ അതിശക്തമായി തിരിച്ചു വന്നു.
6-4 നു നാലാം സെറ്റ് നേടിയ വാവറിങ്ക മത്സരം അഞ്ചാം സെറ്റിലേക്ക് നീട്ടി. എന്നാൽ അഞ്ചാം സെറ്റിൽ തീർത്തും തളർന്ന വാവറിങ്കക്ക് മേൽ സർവ്വ ആധിപത്യം നേടിയ ഗാസ്റ്റൻ സെറ്റ് 6-0 നു നേടി മത്സരം സ്വന്തം പേരിൽ കുറിച്ചു. മുൻ ജേതാവ് ആയ വാവറിങ്കക്ക് നിരാശ ആയി ഈ ഫലം. അർജന്റീനൻ താരം ഫെഡറിക്കോ കോരിയയെ 6-3, 7-5, 7-5 എന്ന നേരിട്ടുള്ള സെറ്റുകൾക്ക് തകർത്ത ഇറ്റാലിയൻ താരം യാനിക്ക് സിന്നർ, സ്പാനിഷ് താരം പെഡ്രോ മാർട്ടിനസിന് മേൽ 6-4, 6-3, 6-1 എന്ന നേരിട്ടുള്ള സെറ്റുകൾക്ക് ജയം കണ്ട അമേരിക്കൻ താരം സെബാസ്റ്റ്യൻ കോർദ എന്നിവരും ടൂർണമെന്റിലെ അവസാന പതിനാറിലേക്ക് മുന്നേറി.