സണ്‍റൈസേഴ്സിനെ രക്ഷിച്ച് പ്രിയം ഗാര്‍ഗ് – അഭിഷേക് ശര്‍മ്മ കൂട്ടുകെട്ട്

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ഒരു ഘട്ടത്തില്‍ നൂറ് കടക്കുമോ എന്ന് കരുതിയ സണ്‍റൈസേഴ്സ് ഹൈദ്രാബാദിനെ 164 റണ്‍സിലേക്ക് എത്തിച്ച് യുവ നിര. പേര് കേട്ട സണ്‍റൈസേഴ്സ് ടോപ് ഓര്‍ഡര്‍ പവലിയനിലേക്ക് മടങ്ങിയപ്പോള്‍ 69/4 എന്ന നിലയിലേക്ക് വീണ സണ്‍റൈസേഴ്സിനെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത് യുവതാരങ്ങളായ പ്രിയം ഗാര്‍ഗും അഭിഷേക് ശര്‍മ്മയുമാണ്. 77 റണ്‍സ് കൂട്ടുകെട്ടാണ് ഇരുവരും ചേര്‍ന്ന് 5ാം വിക്കറ്റില്‍ നേടിയത്. 23 പന്തില്‍ നിന്ന് അര്‍ദ്ധ ശതകം നേടിയ പ്രിയം ഗാര്‍ഗ് 51റണ്‍‍സുമായി പുറത്താകാതെ നിന്നു.

Priyamgarg

മത്സരത്തില്‍ ജോണി ബൈര്‍സ്റ്റോയെ ആദ്യ ഓവറില്‍ തന്നെ നഷ്ടമായെ ശേഷം മനീഷ് പാണ്ടേ ആണ് സണ്‍റൈസേഴ്സ് ഇന്നിംഗ്സിനെ മുന്നോട്ട് നയിച്ചത്. ഡേവിഡ് വാര്‍ണര്‍ റണ്‍സ് കണ്ടെത്തുവാന്‍ ബുദ്ധിമുട്ടിയപ്പോള്‍ മനീഷ് മികച്ച ടച്ചിലാണെന്ന് കാണിക്കുന്ന രീതിയില്‍ അനായാസം റണ്‍സ് നേടി.

46 റണ്‍സ് കൂട്ടുകെട്ടിന് ശേഷം ശര്‍ദ്ധുല്‍ താക്കൂറിന്റെ ആദ്യ ഓവറില്‍ തന്നെ മനീഷിനെ സണ്‍റൈസേഴ്സിന് നഷ്ടമായി. 21 പന്തില്‍ 29 റണ്‍സാണ് മനീഷ് നേടിയത്. 10 ഓവറില്‍ നിന്ന് 63/2 എന്ന നിലയിലായിരുന്നു സണ്‍റൈസേഴ്സ്. പതിനൊന്നാം ഓവറില്‍ പിയൂഷ് ചൗളയുടെ ഓവറില്‍ സണ്‍റൈസേഴ്സിന് രണ്ട് തിരിച്ചടിയാണ് നേരിടേണ്ടി വന്നത്.

Chennai Super Kings

ആദ്യം ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറെ ബൗണ്ടറിയില്‍ മികച്ചൊരു ക്യാച്ചിലൂടെ ഫാഫ് പിടിച്ച് പുറത്താക്കിയപ്പോള്‍ അടുത്ത പന്തില്‍ അനാവശ്യമായ റണ്ണിന് ശ്രമിച്ച് കെയിന്‍ വില്യംസണ്‍ റണ്ണൗട്ടായി. 69/2 എന്ന നിലയില്‍ നിന്ന് ആ ഓവര്‍ അവസാനിക്കുമ്പോള്‍ സണ്‍റൈസേഴ്സ് 69/4 എന്ന നിലയിലേക്ക് വീണ സണ്‍റൈസേഴ്സിനെ പിന്നെ മുന്നോട്ട് നയിച്ചത് യുവ താരങ്ങളായ അഭിഷേക് ശര്‍മ്മയും പ്രിയം ഗാര്‍ഗുമായിരുന്നു.

സിംഗിളുകളും ഡബിളുകളും നേടി മെല്ലെ സണ്‍റൈസേഴ്സിനെ മുന്നോട്ട് നയിച്ച കൂട്ടുകെട്ട് അവസാന ഓവറുകളില്‍ ആക്രമണം ചെന്നൈ ബൗളര്‍മാര്‍ക്ക് നേരെ അഴിച്ചുവിട്ടു. അഭിഷേക് ശര്‍മ്മ രവീന്ദ്ര ജഡേജയ്ക്കെതിരെ റണ്‍സ് കണ്ടെത്തിയപ്പോള്‍ സാം കറന്‍ എറിഞ്ഞ 17ാം ഓവറില്‍ 22 റണ്‍സ് നേടി പ്രിയം ഗാര്‍ഗും ഒപ്പം കൂടി.

ദീപക് ചഹാറിനെ രംഗത്തിറക്കി എംഎസ് ധോണി ഈ കൂട്ടുകെട്ട് തകര്‍ക്കാന്‍ ശ്രമിച്ചുവെങ്കിലും ശര്‍മ്മയുടെ രണ്ട് അവസരങ്ങള്‍ ഫീല്‍ഡര്‍മാര്‍ ചഹാറിന്റെ ഓവറില്‍ നഷ്ടപ്പെടുത്തിയപ്പോള്‍ അത് മുതലാക്കി അഭിഷേക് ശര്‍മ്മയും പ്രിയം ഗാര്‍ഗും ചേര്‍ന്ന് ഓവറില്‍ നിന്ന് 13 റണ്‍സ് നേടിയെങ്കിലും ശര്‍മ്മയെ അവസാന പന്തില്‍ ധോണി കൈപ്പിടിയിലൊതുക്കി.

43 പന്തില്‍ നിന്ന് 77 റണ്‍സാണ് പ്രിയം ഗാര്‍ഗ്- അഭിഷേക് ശര്‍മ്മ കൂട്ടുകെട്ട് നേടിയത്. 24 പന്തില്‍ നിന്ന് 31 റണ്‍സാണ് അഭിഷേക് ശര്‍മ്മ നേടിയത്. അവസാന ഓവറുകളില്‍ അടിച്ച് തകര്‍ത്ത പ്രിയം ഗാര്‍ഗ് 23 പന്തില്‍ നിന്ന് തന്റെ അര്‍ദ്ധ ശതകം നേടി. അടുത്ത പന്തില്‍ തന്നെ താരം പുറത്തായെങ്കിലും ശര്‍ദ്ധുല്‍ താക്കൂര്‍ നോ ബോള്‍ എറിഞ്ഞതോടെ ഗാര്‍ഗിന് ജീവന്‍ ദാനം ലഭിച്ചു.

മികച്ച അവസാന ഓവര്‍ എറിഞ്ഞ താക്കൂര്‍ 7 റണ്‍സ് മാത്രം വിട്ട് നല്‍കിയപ്പോള്‍ സണ്‍റൈസേഴ്സ് ബാറ്റിംഗ് 164/5 എന്ന നിലയില്‍ അവസാനിച്ചു. ദീപക് ചഹാര്‍ 2 വിക്കറ്റ് നേടി.